33.4 C
Kottayam
Tuesday, April 30, 2024

അഞ്ചുമാസത്തെ ലോക്ക് ഡൗണില്‍ കൂടിയത് 100 കിലോ! വുഹാനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനായി 26കരന്‍

Must read

ബീജിംഗ്: ചൈനയിലെ വുഹാനില്‍ ലോക്ക്ഡൗണില്‍ കഴിഞ്ഞിരുന്ന 26 വയസുകാരന് അഞ്ച് മാസം കൊണ്ട് കൂടിയത് 101 കിലോഗ്രാം. ജൂണ്‍ ഒന്നിനാണ് സൗ എന്ന വുഹാന്‍ സ്വദേശിയായെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീര ഭാരം അമിതമായി കൂടിയതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ സൗവിനെ ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ 279 കിലോഗ്രാം ( 616 പൗണ്ട് ) ഭാരമാണ് സൗവിനുള്ളത്. വുഹാനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനായി മാറിയിരിക്കുകയാണ് സൗ.

ജനുവരി അവസാനത്തോടെ വുഹാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനായ സൗ വീടിന് പുറത്തിറങ്ങിയിട്ടില്ല. ഏപ്രില്‍ ആദ്യവാരങ്ങളില്‍ നിയന്ത്രണങ്ങളില്‍ അധികൃതര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയെങ്കിലും സൗ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. ഭാരം കൂടിയതിനാല്‍ അനങ്ങാന്‍ പോലുമാകാതെ ബുദ്ധിമുട്ടുകയായിരുന്നു സൗ എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ സോംഗ്നാന്‍ ആശുപത്രിയിലാണ് സൗവിനെ ഒടുവില്‍ പ്രവേശിപ്പിച്ചത്. സൗവിനെ പരിശോധനയ്ക്ക് വിധേയമാക്കുന്ന ചിത്രങ്ങളും വീഡിയോ ഫൂട്ടേജുകളും ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നു.

ചെറുപ്പം മുതല്‍ സൗവിനെ അലട്ടുന്ന പ്രശ്‌നമാണ് അമിത വണ്ണം. മെലിയാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല. അഞ്ച് അടി ഏഴ് ഇഞ്ച് ഉയരക്കാരനായ സൗവിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രേഖപ്പെടുത്തിയിരുന്ന ഭാരം 177 കിലോഗ്രം ( 392 പൗണ്ട് ) ആയിരുന്നു. കൊവിഡ് വൈറസ് വ്യാപനം തടയാന്‍ അതീവ കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് വുഹാന്‍ നിവാസികള്‍ കഴിഞ്ഞിരുന്നത്. നഗരത്തില്‍ 11 ദശലക്ഷം ജനങ്ങള്‍ ഏപ്രില്‍ 8 വരെ അവശ്യകാര്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങിയില്ല.

ഈ കാലയളവില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് സൗവും തന്റെ വീട്ടില്‍ തുടരുകയായിരുന്നു. എന്നാല്‍ വ്യായാമം ഇല്ലാത്തതും ആഹാരം കഴിച്ചും ഉറങ്ങിയുമുള്ള ദിനചര്യ സൗവിന്റെ ഭാരം ഇരട്ടിയാകാന്‍ കാരണമായി. തുടര്‍ച്ചയായി ഉറങ്ങാന്‍ പോലുമാകാതെ വന്നതോടെ സൗ സോംഗ്നാന്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. നല്ലവണം സംസാരിക്കാന്‍ പോലും സൗവിന് കഴിഞ്ഞിരുന്നില്ല. ആറ് സെക്യൂരിറ്റി ഗാര്‍ഡുകളും നാല് ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് സൗവിനെ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കയിലേക്ക് എത്തിച്ചത്.

ഒമ്പത് ദിവസം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സൗവിന്റെ ആരോഗ്യ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ സൗവിന് ഹൃദയ, ശ്വാസകോശ സംബന്ധമായ തകരാറുകളും ഡോക്ടര്‍മാര്‍ കണ്ടെത്തി. സൗവിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും റെഗുലര്‍ വാര്‍ഡിലേക്ക് മാറ്റി. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 24 കിലോയോളം ഭാരം കുറച്ചാല്‍ മാത്രമേ സൗവിന് ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week