കൊല്ലം: ലോക്ക് ഡൗണ്‍ ലംഘിച്ച് കാമുകിയെ കാണാന്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തിയ യുവാവ് കുടുങ്ങി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപത്തെ പ്രദേശത്താണ് കാമുകിയുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തി യുവാവ് കുടുങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരിലൊരാള്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കുകയും കളക്ടര്‍ ഈ വിവരം ചാത്തന്നൂര്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
അതിനിടെയാണ് ഇന്നലെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാള്‍ എത്തിയത്. ജില്ലാ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്തുനിന്നു കാറോടിച്ച് ഇയാള്‍ എത്തിയത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തതായി ചാത്തന്നൂര്‍ സി.ഐ പറഞ്ഞു.
പോലീസിന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാള്‍ ഈ വീട്ടില്‍തന്നെ ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബന്ധു മരിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ മറ്റൊരു ജില്ലയിലേക്ക് പോവുകയും തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം അവിടെ ഗൃഹനിരീക്ഷണത്തില്‍ കഴിയുകയുമാണ്. തുടര്‍ന്നാണ് കാമുകന്‍ ഇവിടെ എത്തിയത്.
ചാത്തന്നൂരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റൊരു വഴിയിലൂടെയാണ് ഇയാള്‍ യുവതിയുടെ വീട്ടില്‍ എത്തിയിരുന്നത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനം പതിവായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടവരാണ് വിഷയം കളക്ടറെ അറിയിച്ചത്.
എന്നാല്‍, വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്പെയര്‍ പാര്‍ട്‌സ് നന്നാക്കി നല്‍കാനാണ് താന്‍ എത്തിയതെന്ന് ഇയാള്‍ പറയുന്നു. അതിര്‍ത്തികടന്നു വന്നതിനാല്‍ ഇനി പതിനാല് ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങിയാല്‍ മതിയെന്ന് പോലീസ് നിര്‍ദ്ദേശിച്ചതോടെ ഇയാള്‍ ശരിക്കും കുടുങ്ങുകയായിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കൊല്ലത്തേക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നാണ് സൂചന.