സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കാട്ടാക്കട പൂവച്ചല്‍ പഞ്ചായത്തില്‍ ദേവന്‍കോട്, ഇളംപ്ലാമ്മൂട് റ്റി.എസ്. ഭവനില്‍ സുകുമാരനെ (സ്റ്റീഫന്‍ 65) ആണ് കഴിഞ്ഞ രാത്രി പുരയിടത്തിലെ പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ ബാങ്കില്‍ നിന്നു സ്റ്റീഫന്‍ നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീട് 2.5 ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം 2018-ല്‍ ഗൃഹനാഥന്റെ മകന്‍ രഞ്ജിത്ത് വായ്പ 6.5 ലക്ഷമാക്കി പുതുക്കി വാങ്ങി. മകന്‍ 9,000 രൂപ വച്ച് ഏഴു മാസം വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു.

എന്നാല്‍ അച്ഛന്റെയും ഭാര്യയുടെയും ചികിത്സ മൂലം രഞ്ജിത്തിന് ഒരുഘട്ടത്തില്‍ തിരിച്ചടവ് മുടങ്ങി. ഇതിന് പിന്നാലെ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയി. രണ്ടു ദിവസം മുന്‍പ് ബാങ്ക് വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതോടെ ഗൃഹനാഥന്‍ വിഷമത്തിലായിരുന്നു. ഇതിന് പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നു തുടര്‍ച്ചയായി ഫോണ്‍ വിളികളും എത്തി.

ഇതോടെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഗൃഹനാഥന്‍ കൂടെക്കൂടെ പറയുന്ന സ്ഥിതിയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയത്. കഴിഞ്ഞ രാത്രി പിതാവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബാംഗങ്ങള്‍ മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News