കണ്ണൂരില്‍ കോവിഡ്-19 സ്ഥിരീകരിച്ചയാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ്-19 സ്ഥിരീകരിച്ച ആളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ അമ്മയും ഭാര്യയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പ് ഇയാളുമായി അടുത്ത് ഇടപഴകിയ ആളുകളുടെ പട്ടിക തയ്യാറാക്കുകയാണ്.

ദുബായില്‍ നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് പുതുതായി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നു ദുബായ് അടക്കം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ആള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ചിരുന്ന വിമാനത്തിലാണ് ഇദ്ദേഹവും സഞ്ചരിച്ചിരുന്നതെന്നാണു സൂചന. ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ഇതോടെ സംസ്ഥാനത്ത് 20 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ ചികിത്സയിലായിരുന്ന മൂന്നുപേര്‍ പൂര്‍ണസുഖം പ്രാപിച്ചു. 4,180 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 ആശുപത്രികളിലും 3910 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News