പിതാവ് മകളെ ബലാത്സംഗം ചെയ്തു, മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; 28 പേര്‍ക്കെതിരെ കേസ്

ലഖ്നൗ:ഉത്തർ പ്രദേശിൽ പതിനൊന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പിതാവും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ 28 പേർക്കെതിരെ കേസ്. ലളിത്പുർ സ്വദേശിനിയാണ് ക്രൂരതയ്ക്കിരയായത്. കുട്ടിയുടെ പിതാവിനെ കൂടാതെ സമാജ്വാദി പാർട്ടി ജില്ലാ അധ്യക്ഷൻ, ബഹുജൻ സമാജ്വാദി പാർട്ടി ജില്ലാ അധ്യക്ഷൻ തുടങ്ങിയവർ അടക്കമുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്നെ പിതാവ് ആദ്യമായി ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് പലവട്ടം പിതാവ് ബലാത്സംഗത്തിനിരയാക്കിയതായും പെൺകുട്ടി പോലീസിനോട് വ്യക്തമാക്കി. മറ്റുള്ള ആളുകളെ പിതാവ് വിളിച്ചുവരുത്താറുണ്ടായിരുന്നെന്നും അവരുമായി ലൈംഗികബന്ധം പുലർത്താൻ നിർബന്ധിച്ചിരുന്നെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.

ചില കുടുംബാംഗങ്ങൾ, സമാജ്വാദി പാർട്ടി ജില്ലാ അധ്യക്ഷൻ തിലക് യാദവ്, ഇയാളുടെ മൂന്ന് സഹോദരന്മാർ, ബി.എസ്.പി. ജില്ലാ അധ്യക്ഷൻ ദീപക് ആഹിർവാർ തുടങ്ങിയവർ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ അമ്മയെ കൊലപ്പെടുത്തുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.

28 പേർക്കെതിരെ കഴിഞ്ഞദിവസം രാത്രി കേസ് രജിസ്റ്റർ ചെയ്തെന്ന് ലളിത്പുർ എ.എസ്.പി. ഗിരിജേഷ് കുമാർ പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും എല്ലാ മൊഴികളും വിവരങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യപരിശോധന നടത്തും. സവിശേഷ സ്വഭാവമുള്ള കേസ് ആയതിനാൽ എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും എ.എസ്.പി. കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News