ഓര്‍ഡര്‍ ചെയ്ത ഫോണ്‍ ലഭിക്കാന്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു; യുവാവിന് നഷ്ടമായത് 75000 രൂപ!

ഗുരുഗ്രാം: ഇ-കൊമേഴ്സ് സൈറ്റില്‍ നിന്നും വാങ്ങിയ ഫോണ്‍ കൈയ്യില്‍ ലഭിക്കാതിരുന്നചിനെ തുടര്‍ന്ന് ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചയാള്‍ക്ക് നഷ്ടപ്പെട്ടത് മുക്കാല്‍ ലക്ഷം രൂപ. ഹരിയാനയിലെ ഗുരുഗ്രാമിലെ യുവാവിനാണ് ഈ ദുരനുഭവം. ഇയാളുടെ 74,966 രൂപയാണ് നഷ്ടപ്പെട്ടത്. ഗുരുഗ്രാം സ്വദേശിയായ രൂപേന്ദര്‍ കുമാര്‍ (45) ജനുവരി 13 ന് ഒരു സ്മാര്‍ട്ട്ഫോണിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അതു ലഭിച്ചിരുന്നില്ല.

തുടര്‍ന്ന്, ജനുവരി 17 ന് ഇത് അയച്ചയാള്‍ക്ക് ഓര്‍ഡര്‍ തിരികെ ലഭിച്ചുവെന്ന് സന്ദേശം ലഭിച്ചു. പ്രശ്‌നം പരിഹരിക്കാന്‍, അദ്ദേഹം ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തു കണ്ടെത്തിയ ഒരു കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചു നോക്കി. ഫോണിനായി നല്‍കിയ പണം തിരികെ നല്‍കാന്‍ രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിളിച്ചയാള്‍ നെറ്റ്വര്‍ക്ക് പ്രശ്നത്തിന്റെ പേരില്‍ കുമാറിന് വിളിക്കാന്‍ മറ്റൊരു നമ്പര്‍ നല്‍കി.

ഈ രണ്ടാമത്തെ നമ്പറിലേക്ക് വിളിക്കുന്നതിനിടെ കസ്റ്റമര്‍കെയറിലുള്ളവര്‍ തന്റെ ഫോണിലേക്ക് റിമോട്ട് ആക്സസ് നല്‍കുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ രൂപേന്ദറിനോട് ആവശ്യപ്പെട്ടു. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ വിളിച്ചയാള്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും മൂന്ന് ഇടപാടുകളിലായി 74,966 രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തെന്നും രൂപേന്ദര്‍ കുമാര്‍ പരാതിയില്‍ പറഞ്ഞു.

അതേസമയം, ആളുകള്‍ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നമ്പറുകള്‍ തിരയുന്നതിനുപകരം ഇന്റര്‍നെറ്റില്‍ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ക്കായി തിരയുന്നതാണ് പ്രശ്നമായത്. ഈ വ്യാജ നമ്പറുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News