ന്യൂഡല്‍ഹി: സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വ്യവസായി അറസ്റ്റില്‍. കൊലപാതകത്തിന് സഹായിച്ച ഇയാളുടെ ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 22കാരനെ കൊന്ന് ട്രോളി ബാഗിലാക്കി സരോജിനി നഗറിന് സമീപത്തെ മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു ഇവര്‍.
ജീവനക്കാരനും വ്യവസായിയും തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവര്‍ക്കുമിടയിലെ വിഡിയോ പകര്‍ത്തിയ യുവാവ് രണ്ട് മക്കളുള്ള വ്യവസായിയെ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. ബിസിനസ്സില്‍ നിന്ന് പണം കൈക്കലാക്കാനായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കുമെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് ബന്ധുവിന്റെ സഹായത്തോടെ കൊലപാതകത്തിന് പദ്ധതിയിട്ടത്.
വ്യവസായിയും ബന്ധുവും സരോജിനി നഗറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മുറി ബുക്ക് ചെയ്തു. ഇവര്‍ ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഇവിടേക്ക് ജീവനക്കാരനെ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ഇതിനുശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ഒരു ടാക്സിയില്‍ മെട്രോ സ്റ്റേഷനില്‍ ഉപേക്ഷിച്ചു.
കൊലപാതകത്തിന് ശേഷം ജീവനക്കാരന്റെ വസ്ത്രവും ഷൂസും പേഴ്സും മറ്റൊരു മെട്രോ സ്റ്റേഷനില്‍ ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ ബന്ധു അയാളുടെ കൈയില്‍ സൂക്ഷിക്കുകയായിരുന്നു. ഇതില്‍ ചില വസ്തുക്കള്‍ ഇതിനോടകം കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.