ദിലീപിന്റെ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണ്‍ കോടതിക്ക് കൈമാറി

കൊച്ചി: ദിലീപ് ഉള്‍പ്പെട്ട വധശ്രമഗൂഡാലോചന കേസില്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണുകള്‍ കോടതിക്ക് കൈമാറി. കോടതി നിര്‍ദേശിച്ച പ്രകാരം ദിലീപിന്റെ അഭിഭാഷകര്‍ അലൂവ മജിസ്‌ട്രേറ്റ് കോടതിയിലെത്തി, ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള പാറ്റേണ്‍ കൈമാറുകയായിരുന്നു. ഇതിനിടെ, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി.

അപേക്ഷ സ്വീകരിച്ച കോടതി പ്രതിഭാഗത്തിന് നോട്ടീസ് അയച്ചു. അന്വേഷണ സംഘത്തലവനായ എസ്പി മോഹനചന്ദ്രനാണ് കോടതി ചേംബറിലെത്തി അപേക്ഷ നല്‍കിയത്. അതേസമയം, കേരളത്തിലെ ഫോറന്‍സിക്ക് ലാബുകളില്‍ ഫോണുകള്‍ പരിശോധനയ്ക്ക് നല്‍കരുതെന്നാണ് ദിലീപ് വാദിച്ചത്.

ദിലീപ് തനിക്കറിയില്ലെന്ന് പറയുന്ന ഐ ഫോണില്‍നിന്നു 2,075 കോളുകള്‍ വിളിച്ചിരുന്നുവെന്നും 2021 ജനുവരി 21 മുതല്‍ ഓഗസ്റ്റ് 31 വരെ 221 ദിവസം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വ്യാഴാഴ്ച പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News