ആര് ഭക്ഷണം പാചകം ചെയ്യുമെന്നതിനെച്ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ തര്‍ക്കം; യുവാവ് ഇരുവരേയും വെട്ടിക്കൊന്നു

ഗാന്ധിനഗര്‍: അമ്മയെയും സഹോദരിയെയും വെട്ടിക്കൊന്ന 40കാരന്‍ പിടിയില്‍. ഗുജറാത്തിലെ രാജ്കോട്ട് മോര്‍ബി താലൂക്കിലെ സിക്കിയാരി ഗ്രാമത്തില്‍ താമസിക്കുന്ന ദേവ്ഷി ഭാട്ടിയയാണ് അറസ്റ്റിലായത്. ആര് ഭക്ഷണം പാചകം ചെയ്യും എന്നതിനെച്ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പ്രതി തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കര്‍ഷകനായ ദേവ്ഷി അന്ന് ഉച്ചക്ക് പാടത്തേക്ക് പോകുന്ന സമയത്ത് അമ്മ കസ്തൂര്‍ബ ഭാട്ടിയയും സഹോദരി സംഗീത ഭാട്ടിയയും തമ്മില്‍ തര്‍ക്കം നടക്കുകയായിരുന്നു. രാത്രിയില്‍ ആരു ഭക്ഷണം പാചകം ചെയ്യുമെന്ന് ഇരുവരും തര്‍ക്കിക്കുന്നത് കണ്ടാണ് അയാള്‍ കൃഷിക്കായി പോയത്. പണി കഴിഞ്ഞ് രാത്രി വീട്ടില്‍ വരുന്നതിന് മുന്‍പ് തര്‍ക്കം തീര്‍ത്ത് ഭക്ഷണം പാചകം ചെയ്ത് വെയ്ക്കണമെന്ന് ഇരുവരോടും പറഞ്ഞു കഴിഞ്ഞിട്ടാണ് ദേവ്ഷി പോയത്. എന്നാല്‍, ഇരുവരുടെയും തര്‍ക്കം മൂര്‍ച്ഛിച്ചു. ഇരുവരും ഭക്ഷണം പാചകം ചെയ്തതുമില്ല.

പണി കഴിഞ്ഞെത്തിയ 40കാരന്‍ ആരും ഭക്ഷണം പാചകം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വിശപ്പും ക്ഷീണവും മൂലം തളര്‍ന്ന ദേവ്ഷി അമ്മയെയും സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News