കൊല്ലം: കിടപ്പുരോഗിയായ പിതാവിനെ സാമ്പത്തിക തർക്കത്തെ തുടർന്ന് പെട്രോൾ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ ഓട്ടോഡ്രൈവറായ എസ്.അനിൽകുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.
മാതാവ് വസുമതിയുടെ (72) കൺമുന്നിൽ വച്ചാണ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന അനിൽകുമാറിനെ പരവൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.
രാവിലെ 11 മണിയോടെയാണ് സംഭവം. കുടുംബ വീട്ടിലെത്തിയ അനിൽകുമാർ വീട്ടിലെ കിടപ്പുമുറിയിൽ വാർധക്യസഹജമായ അസുഖങ്ങളും കിഡ്നി രോഗവും കാരണം വർഷങ്ങളായി കിടപ്പിലായ അച്ഛൻ ശ്രീനിവാസനോട് തന്റെ മകന് വിദേശത്ത് പഠിക്കുവാനുള്ള തുകയും പുതിയതായി വാങ്ങിയ ഓട്ടോയ്ക്ക് നൽകാൻ 1 ലക്ഷം രൂപയും ആവശ്യപ്പെട്ട് വഴക്കിട്ടു.
തുടർന്ന് പ്രകോപിതനായ അനിൽകുമാർ പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ശ്രീനിവാസന്റെ ദേഹത്തേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവ സമയം അനിൽകുമാറിന്റെ മാതാവും ശ്രീനിവാസനെ പരിചരിക്കാൻ എത്തിയ ഹോം നഴ്സും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കിടപ്പുരോഗി ആയതിനാൽ കട്ടിലിൽനിന്ന് നീങ്ങി മാറാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ശ്രീനിവാസൻ. മാതാവ് വസുമതിക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണം ഭർത്താവിനെ മകൻ തീകൊളുത്തി കൊലപ്പെടുത്തുന്നത് കണ്ട് നിലവിളിക്കാൻ പോലും സാധിച്ചില്ല. അടുക്കളയിൽ ആയിരുന്ന ഹോം നഴ്സ് സംഭവം കണ്ടു നിലവിളിച്ചതോടെ അനിൽകുമാർ പുറത്തേക്ക് ഓടുകയായിരുന്നു. സംഭവമറിഞ്ഞ് അയൽക്കാർ പരവൂർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു.
പൊലീസ് എത്തുന്നതിന് മുൻപ് വെള്ളം ഒഴിച്ചു തീകെടുത്താൻ അയൽക്കാർ ശ്രമിച്ചെങ്കിലും കിടക്കയ്ക്ക് തീപിടിച്ചതിനാൽ ഗുരുതരമായി പൊള്ളലേറ്റു ശ്രീനിവാസൻ മരിക്കുകയായിരുന്നു. തലേദിവസം രാത്രി മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട അനിൽകുമാർ പിതാവിനെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. രാത്രിയിൽ സമീപത്തെ സ്വന്തം വീട്ടിൽ പോകാതെ കുടുംബ വീട്ടിന്റെ മുൻഭാഗത്തായിരുന്നു അനിൽകുമാർ കിടന്നിരുന്നത്.