യുവതിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; യുവാവിനെ കെട്ടിയിട്ടു പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്തി

ലക്നോ: യുവാവിനെ അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്നു ബലംപ്രയോഗിച്ച് പുറത്തിറക്കി മരത്തില്‍ കെട്ടിയിട്ടതിനു ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. അംബിക പ്രസാദ് പട്ടേല്‍(22) ആണ് കൊലപ്പെട്ടത്. അംബികയും ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊല നടത്തിയത്.

ഇവര്‍ തമ്മിലുള്ള പ്രണയത്തെ യുവതിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ അടുത്തിടെ പോലീസില്‍ കോണ്‍സ്റ്റബിളായി ജോലി ലഭിച്ച യുവതിയുടെയും അംബിക പ്രസാദിന്റെയും സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അംബികയ്ക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതിയും നല്‍കി.

ഇതേ തുടര്‍ന്ന് അറസ്റ്റിലായ അംബിക മേയ് ഒന്നിന് ജയിലില്‍ നിന്നു പുറത്തു വന്നു. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് കുറച്ച് തടവുപുള്ളികള്‍ക്ക് സര്‍ക്കാര്‍ ജാമ്യം നല്‍കിയിരുന്നു. ഇക്കൂട്ടത്തിലാണ് അംബികയും ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് യുവതിയുടെ ബന്ധുക്കള്‍ അംബികയെ കൊലപ്പെടുത്തിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെയും സംഘം ആക്രമിച്ചു. മൂന്നു വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും കുറച്ച് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പിതാവ് ആണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News