ഫോണിലൂടെ സൗഹൃദം, കൈകാലുകള്‍ തളര്‍ന്ന യുവതിയെ വീടിന്റെ രണ്ടാംനിലയില്‍നിന്ന് അര്‍ധരാത്രി കടത്തിക്കൊണ്ടുപോയി; പിടിയിലായി

കൊല്ലം:കൈകാലുകൾ തളർന്ന യുവതിയെ വീടിന്റെ രണ്ടാംനിലയിൽനിന്ന് അർദ്ധരാത്രി കടത്തിക്കൊണ്ടുപോയ കേസിൽ തൊടുപുഴ സ്വദേശിയെ കൊട്ടിയം പോലീസ് പിടികൂടി. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കൽ റഷീദി(42)നെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ നിർമ്മല കോളേജിനടുത്ത് ഇയാൾ വാടകയ്ക്കെടുത്ത വീട്ടിൽനിന്ന് യുവതിയെയും കണ്ടെത്തി.

പോലീസ് പറയുന്നത്: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നുവർഷമായി സൗഹൃദത്തിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ വീടിന്റെ മുകൾനിലയിൽ കയറിയ റഷീദ് യുവതിയെ എടുത്ത് താഴെയെത്തിച്ച് ബൈക്കിൽ കൊണ്ടുപോയി. നേരം പുലർന്നതോടെയാണ് യുവതിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.

യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മൂവാറ്റുപുഴയിലുണ്ടെന്ന് കണ്ടെത്തിയത്.കണ്ണനല്ലൂർ എസ്.എച്ച്.ഒ. യു.പി.വിപിൻ കുമാർ, കൊട്ടിയം എസ്.ഐ. സംഗീത എസ്.ആർ., പ്രൊബേഷൻ എസ്.ഐ. ശിവപ്രസാദ് എന്നിവരാണ് ഇരുവരെയും പിടികൂടിയത്.
കൊല്ലത്ത് കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News