ചെന്നൈ: ഇതുവരെ കാണാത്തതും അപകടകരവുമായൊരു രീതി കവർച്ചയ്ക്ക് പരീക്ഷിച്ച് തമിഴ്നാട്ടിലെ മോഷ്ടാവ്. സ്വന്തം ഷർട്ടഴിച്ച് റെയിൽവേ സിഗ്നൽലൈറ്റ് മറച്ച് തീവണ്ടി നിർത്തിച്ചശേഷം കോച്ചിൽ കയറി സ്ത്രീയുടെ മാല കവർന്നു. എഗ്‌മോറിൽനിന്ന് തിരുനെൽവേലിയിലേക്കുള്ള നെല്ലൈ എക്സ്പ്രസിൽ റിസർവ്ഡ് കോച്ചിലെ യുവതിയുടെ മാലയാണ് കവർന്നത്. സംഭവത്തിൽ വില്ലിവാക്കത്തൈ കുമരേശ(36)നെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 8.50-ന് എഗ്‌മോറിൽനിന്ന് പുറപ്പെട്ട തീവണ്ടി 10 മണിയോടെ താംബരം കഴിഞ്ഞ് പേത്തേരിക്കും കട്ടാൻകുളത്തൂരിനും ഇടയിലെത്തിയപ്പോൾ ലോക്കോ പൈലറ്റിന് സിഗ്നൽ കാണാൻ കഴിഞ്ഞില്ല. ഇതോടെ, തീവണ്ടി നിർത്തി. പരിശോധിച്ചപ്പോൾ സിഗ്നൽ ഷർട്ടുകൊണ്ട് മറച്ച നിലയിലായിരുന്നു.
തീവണ്ടിയിലെ ഗാർഡ് ഷർട്ട് അഴിച്ചുമാറ്റുന്നതിനിടെ കുമരേശൻ തീവണ്ടിയിൽ കയറി. തുടർന്ന്, കോച്ചിനുള്ളിലെ ശൗചാലയത്തിലേക്ക് പോകുകയായിരുന്ന സ്ത്രീയുടെ 11 പവന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചു. യുവതിയുടെ ചെറുത്തുനിൽപ്പിനിടെ മാലയുടെ ഒരു കഷണം മാത്രമേ പൊട്ടിച്ചെടുക്കാൻ കഴിഞ്ഞുള്ളു. നിമിഷങ്ങൾക്കുള്ളിൽ രക്ഷപ്പെടുകയും ചെയ്തു.
തൂത്തുക്കുടി സ്വദേശിനിയുടെ മാലയാണ് കവർന്നത്. താംബരം റെയിൽവേ പോലീസ് നടത്തിയ തിരച്ചിലിൽ കുമരേശനെ പിടികൂടി. ഇയാളുടെപേരിൽ കുറുക്കുപ്പേട്ട, റോയപുരം റെയിൽവേ പോലീസ് സ്റ്റേഷനുകളിലായി പത്തോളം ക്രിമിനൽ കേസുകളുണ്ട്. ഗുണ്ടാനിയമ പ്രകാരം ജയിലിൽ കിടന്നിട്ടുണ്ട്.
സിഗ്നൽ മറച്ചത് വലിയ തീവണ്ടിയപകടത്തിനുവരെ കാരണമായേക്കാമെന്ന് റെയിൽവേ പോലീസ് പറഞ്ഞു. തീവണ്ടിയാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് ചെയ്തത്. ഈ രീതിയിൽ കവർച്ച ആദ്യമാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കുമരേശന്റെ പേരിൽ കേസെടുത്തു.


