ഫിലഡെൽഫിയ (യു.എസ്.എ.): ഫിഫ ലോകകപ്പിൽ ഹെയ്തിക്കെതിരേ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ ജയവുമായി അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീൽ. ഒന്നാംപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. മാത്യൂസ് കുന്യയുടെ ഇരട്ടഗോളും വിനീഷ്യസ് ജൂനിയറിന്റെ തകർപ്പൻ ഗോളുമാണ് ബ്രസീലിന് തുണയായത്. കഴിഞ്ഞയാഴ്ച മൊറോക്കോയ്‌ക്കെതിരേ സമനിലയിൽ പിരിഞ്ഞതിന്റെ നിരാശ തീർക്കാൻ വിജയദാഹത്തോടെ കളത്തിലിറങ്ങിയ ലാറ്റിനമേരിക്കൻ ശക്തർ, തുടക്കം മുതൽത്തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തി.
22-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ബോക്‌സിലേക്ക് കട്ട് ചെയ്തുതൊടുത്ത ഷോട്ട് ഹെയ്തി ഗോൾകീപ്പർ പ്ലാസിഡ് തടുത്തെങ്കിലും റീബൗണ്ടായി വന്ന പന്ത് ഹെയ്തി പ്രതിരോധ താരം ഡെൽക്രോയിയുടെ ശരീരത്തിൽ തട്ടി മാത്യൂസ് കുന്യയിലേക്കെത്തി. കുന്യയുടെ ബൂട്ടിൽ തട്ടി പന്ത് വലയിലേക്ക് കയറുകയായിരുന്നു (1-0).
36-ാം മിനിറ്റിൽ കുന്യയിലൂടെതന്നെ ബ്രസീൽ ലീഡുയർത്തി. ഹെയ്തിയുടെ ഒരു മുന്നേറ്റം തടഞ്ഞുനിർത്തി കാസെമിറോ നടത്തിയ മികച്ചൊരു ഇടപെടലാണ് ഈ ഗോളിന് വഴിയൊരുങ്ങിയത്. തുടർന്ന് പന്തുമായി മുന്നേറിയ വിനീഷ്യസ് ജൂനിയർ ബോക്‌സിനുള്ളിലേക്ക് നൽകിയ മനോഹരമായ പാസ്, കുന്യ ഇടംകാൽകൊണ്ട് ഹെയ്തി ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അടിച്ചുകയറ്റി (2-0).
രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതോടെ ബ്രസീൽ മത്സരത്തിൽ പൂർണ നിയന്ത്രണമേറ്റെടുത്തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+3 മിനിറ്റ്) ബ്രസീൽ ഹെയ്തിയുടെ മേൽ മൂന്നാം പ്രഹരവും ഏൽപ്പിച്ചു. പക്വേറ്റ നൽകിയ മികച്ചൊരു ചിപ് പാസ് സ്വീകരിച്ച് ഇടതുഭാഗത്തുകൂടെ കുതിച്ചുപാഞ്ഞ വിനീഷ്യസ് ജൂനിയർ, തടയാൻ വന്ന ഹെയ്തി ഗോൾകീപ്പർ പ്ലാസിഡിന് മുകളിലൂടെ പന്ത് മനോഹരമായി ചിപ് ചെയ്ത് വലയിലാക്കി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീൽ 3-0 എന്ന ശക്തമായ ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണങ്ങൾ ലക്ഷ്യമിട്ട് ഹെയ്തി 4-4-2 ഫോർമേഷനിലേക്ക് മാറി കളി ശൈലി പരിഷ്‌കരിച്ചു. ആദ്യ പകുതിയേക്കാൾ മന്ദഗതിയിലാണ് ബ്രസീൽ ഈ പകുതിയിൽ പന്തുതട്ടിയത്. മൂന്ന് ഗോളിന്റെ ആശ്വാസത്തിൽ ഹെയ്തിക്ക് കളി നിയന്ത്രിക്കാൻ അവസരം നൽകിയ ബ്രസീൽ, കൗണ്ടർ അറ്റാക്കുകൾക്കാണ് പ്രധാനമായും ശ്രമിച്ചത്. ഹെയ്തി താരം സിമോൺ ഒരു ക്രോസിലൂടെ ബ്രസീൽ ഗോൾമുഖത്ത് ഭീതി സൃഷ്ടിച്ചെങ്കിലും ഗോൾകീപ്പർ അലിസൺ സമയോചിതമായി ഇടപെട്ട് പന്ത് കൈക്കലാക്കി.


