തിരുവനന്തപുരം: വീടിന് തീവച്ച ശേഷം കുടുംബനാഥൻ സമീപത്തെ റബർ പുരയിടത്തിൽ തൂങ്ങിമരിച്ചു. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം. കൊച്ചാലംമൂട് സ്വദേശി നസറൂദ്ദീനാണ് (50) മരിച്ചത്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് അയൽവാസികൾ സ്ഥലത്തെത്തിയത്. അപ്പോഴേക്കും വീട് ഭാഗികമായി കത്തിയിരുന്നു. തുടർന്ന് അയൽവാസികൾ തീയണയ്ക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് സമീപത്തെ റബർ പുരയിടത്തിൽ നസറുദ്ദീനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നസറൂദ്ദീനും ഭാര്യയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നസറൂദ്ദീൻ ഇവിടെ ഒറ്റയ്‌ക്കായിരുന്നുവെന്നാണ് പറയുന്നത്.