മദ്യലഹരിയില്‍ കടിച്ച പാമ്പിനെ ഓടിച്ചിട്ട് പിടിച്ച് തിരിച്ചുകടിച്ചു! ശേഷം വായിലിട്ട് ചവച്ചരച്ച് കൊന്നു; പിന്നാലെ ആളും മരിച്ചു

പട്‌ന: മദ്യ ലഹരിയില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിക്കുകയും വായിലിട്ട് ചവച്ച് അരയ്ക്കുകയും ചെയ്ത 65കാരന്‍ മരിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലെ രാമ മഹ്‌തോ ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. അണലിക്കുഞ്ഞിന്റെ കടിയേറ്റാണ് മരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച വീടിന് മുന്നില്‍ മദ്യപിച്ച് ഇരിക്കുകയായിരുന്ന രാമ മഹ്‌തോയെ ഇഴഞ്ഞെത്തിയ അണലിക്കുഞ്ഞ് കാലില്‍ കടിക്കുകയായിരുന്നു. കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ട് പിടിച്ച ശേഷം ഇയാള്‍ തിരിച്ചുകടിച്ചു. അണലിക്കുഞ്ഞും വിട്ടില്ല. ഈ സമയം പത്തിലേറെ തവണ പാമ്പ് ഇയാളുടെ മുഖത്ത് കടിച്ചു. എന്നിട്ടും വിടാതെ പാമ്പിനെ വായിലിട്ട് ചവച്ച് അരച്ച് കൊന്നു. പിന്നീട് ചത്ത പാമ്പിനെ വീടിന് മുന്നിലുള്ള മരക്കൊമ്പില്‍ തൂക്കിയിട്ടു.

കടിച്ചത് വിഷപ്പാമ്പായതിനാല്‍ ആശുപത്രിയില്‍ പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും മഹ്‌തോ തയ്യാറായില്ല .പാമ്പിന്‍ കുഞ്ഞായത് കൊണ്ട് വിഷമില്ലെന്നായിരുന്നു ഇയാള്‍ കരുതിയത്. ഞായറാഴ്ച വൈകിട്ട് ഉറങ്ങാന്‍ കിടന്ന മഹ്‌തോ തിങ്കളാഴ്ച മരിയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചാന്ദി പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News