പള്ളിക്കുള്ളില്‍ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മധ്യവയസ്‌കന്‍; വാതിലുകള്‍ അകത്തുനിന്ന് പൂട്ടി പോലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി; മണ്ണാര്‍ക്കാട് നടന്നത്

മണ്ണാര്‍ക്കാട് പള്ളിക്കുള്ളില്‍ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മധ്യവയസ്‌കന്‍; വാതിലുകള്‍ അകത്തുനിന്ന് പൂട്ടി പോലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി; ഒടുവില്‍ നാടകീയമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ജുമാ മസ്ജിദില്‍ വടിവാളുമായി എത്തിയ മധ്യവയസ്‌കന്‍ പള്ളിക്കുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പള്ളിയുടെ വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടി മണിക്കൂറുകളോളം ഇയാള്‍ നാട്ടുകാരെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മാരകായുധങ്ങളുമായി പള്ളിക്കുള്ളില്‍ പ്രവേശിച്ച ഇയാള്‍ പള്ളിയുടെ പ്രധാന വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടുകയായിരുന്നു.

ബാങ്ക് വിളിക്കാനെത്തിയ മുക്രി കണ്ടത് അടഞ്ഞ വാതിലുകള്‍ ഉച്ചയ്ക്കുള്ള ബാങ്ക് കൊടുക്കുന്നതിനായി മുക്രി പള്ളിയില്‍ എത്തിയപ്പോഴാണ് വാതിലുകളെല്ലാം പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജനാലയിലൂടെ നടത്തിയ പരിശോധനയിലാണ് പള്ളിക്കുള്ളില്‍ മാരകായുധങ്ങളുമായി ഒരാള്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് പള്ളി പരിസരത്ത് തടിച്ചുകൂടിയത്. പോലീസ് സ്ഥലത്തെത്തി പള്ളിയുടെ മുകള്‍ഭാഗത്തുനിന്നും പരിശോധിച്ചപ്പോഴാണ് ഇയാളുടെ കയ്യില്‍ വടിവാള്‍ ഉണ്ടെന്ന വിവരം സ്ഥിരീകരിക്കുന്നത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പള്ളിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ പള്ളിയിലെ ഖത്തീബ് താമസിക്കുന്ന മുറിക്കുള്ളിലേക്ക് കയറി വീണ്ടും അകത്തുനിന്ന് പൂട്ടി.

തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ ദീര്‍ഘനേരം ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ പോലീസ് തന്ത്രപൂര്‍വ്വം ഇടപെട്ട് ഇയാളെക്കൊണ്ട് വാതില്‍ തുറപ്പിക്കുകയും, നിമിഷങ്ങള്‍ക്കകം ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇയാള്‍ പള്ളിക്കുള്ളില്‍ കയറി വാതിലുകള്‍ അടച്ചതല്ലാതെ മറ്റ് അക്രമ സംഭവങ്ങളോ ആര്‍ക്കെങ്കിലും നേരെയുള്ള അക്രമശ്രമങ്ങളോ നടത്തിയിട്ടില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ ഉച്ചയ്ക്കുള്ള ജമാഅത്ത് നമസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തടസ്സം നേരിട്ടു. പിടിയിലായ ആളെ നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ മുന്‍പരിചയമില്ലാത്തതിനാല്‍ ഇയാള്‍ പ്രദേശവാസിയല്ലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ നിലവില്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇയാള്‍ക്ക് കടുത്ത മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ പ്രതിയുടെ പേരോ മറ്റ് വ്യക്തിവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ശേഷമേ ഇയാള്‍ എന്തിനാണ് ആയുധങ്ങളുമായി പള്ളിയില്‍ കയറിയതെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. നിലവില്‍ പ്രദേശത്ത് മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലെന്നും തടിച്ചുകൂടിയ ജനങ്ങള്‍ പിരിഞ്ഞുപോയതായും മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News