കാസര്‍കോട്: കാസര്‍ഗോഡ് ബേക്കലില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പോലീസ് വാഹനത്തിനു മുകളില്‍ കയറി പരസ്യമായി കൊലവിളി നടത്തി. ഉദുമ കപ്പണക്കാലിലെ അബ്ദുള്‍ നാസര്‍(40) ആണ് കൊലവിളി നടത്തിയത്. ഇയാളെ വൈദ്യ പരിശോധനക്ക് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍.
താജ് ഹോട്ടല്‍ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രതിയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കൊണ്ടുവന്നു. അതിനിടെ പോലീസിനെ വെട്ടിച്ച് ഇയാള്‍ വാഹനത്തിനു മുകളില്‍ കയറി. പോലീസ് വാഹനത്തിനു മുകളില്‍ കിടക്കുകയും ചാടുകയും ചെയ്ത പ്രതി അതിന്റെ ബീക്കണ്‍ ലൈറ്റ് ചവിട്ടിപ്പൊട്ടിച്ചു. അതില്‍നിന്നുള്ള കഷണങ്ങള്‍ എടുത്തായി പിന്നീടുള്ള പരാക്രമം. ഒടുവില്‍ പോലീസുകാര്‍ അനുനയിപ്പിച്ച് വാഹനത്തില്‍ കയറ്റി.
കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത നാസറിനെ കാസര്‍കോട് പാറക്കട്ടിയിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ ഇവിടെയും ഇയാള്‍ അതിക്രമം കാണിക്കുകയായിരുന്നു. കട്ടില്‍ മറിച്ചിട്ടും കര്‍ട്ടന്‍ വലിച്ചുകീറിയും പരാക്രമം നടത്തിയ ഇയാള്‍ തടയാനെത്തിയ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനെ മര്‍ദിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ നാസറിനെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പോലീസ് വാഹനത്തിന് കേടുവരുത്തിയതിനും പോലീസുകാരനെ മര്‍ദിച്ചതിനും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.