കോട്ടയം ഏറ്റുമാനൂർ മകൻ അമ്മയുടെ തലയ്ക്കടിച്ചു, സ്റ്റേഷനിലെത്തി അറിയിച്ചത് കൊന്നെന്ന്

കോട്ടയം: ‘എന്റെ അമ്മയെ ഞാന്‍ തലയ്ക്കടിച്ചു കൊന്നു’. ചൊവ്വാഴ്ച വൈകുന്നേരം ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ മധ്യവയസ്‌കന്റെ ഏറ്റുപറച്ചില്‍ കേട്ട് പൊലീസുകാര്‍ ഞെട്ടി. ഏറ്റുമാനൂര്‍ പേരൂര്‍ മന്നാമല ഭാഗത്ത് താമസിക്കുന്ന ഷിബു മോന്‍ (51) ആണ് ചൊവ്വാഴ്ച വൈകുന്നേരം 5.30യോടെ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസുകാരോട് ഏറ്റുപറച്ചില്‍ നടത്തിയത്. ഏറ്റുമാനൂര്‍ പൊലീസ് ഉടനടി പേരൂര്‍ മാന്നാമല ഭാഗത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷിബുമോന്റെ മാതാവ്, മാളികപുരയ്ക്കല്‍ വീട്ടില്‍ സുനന്ദ(74)യെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതായി അറിഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പേരൂര്‍ മാന്നാമല ഭാഗത്ത് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. ഷിബുമോനും മാതാവ് സുനന്ദയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്. ചുറ്റിക ഉപയോഗിച്ച് വൃദ്ധമാതാവിന്റെ തലയ്ക്കടിച്ചെങ്കിലും ഇവരെ നാട്ടുകാര്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തലയൊട്ടിക്ക് പൊട്ടലും തലയുടെ പിറക് വശത്ത് ആഴത്തില്‍ മുറിവും ഉണ്ടെങ്കിലും സുനന്ദയ്ക്ക് ബോധം ഉണ്ടെന്നും ആരോഗ്യനില നിലവില്‍ ആശങ്കാജനകമല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് വൃദ്ധമാതാവിനെ അക്രമിച്ചതെന്ന് ഷിബുമോന്‍ പറഞ്ഞു. ഇയാള്‍ കാരിത്താസ് ആശുപത്രിയില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ്. തൃശൂര്‍ സ്വദേശികളായ കുടുംബം മന്നാമല അമ്പനാട്ട് വീട്ടില്‍ വാടകക്ക് താമസിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News