ചെന്നൈ: തമിഴ്‌നാട് നാമക്കലില്‍ എ.ടി.എം മെഷീന്‍ പൊളിച്ചു അകത്തു കയറിയ മോഷ്ടാവിനെ പോലീസ് പിടികൂടി. മോഷണത്തിനിടെ പോലീസ് വരുന്നത് കണ്ടാണ് ഇയാള്‍ മിഷീനുള്ളില്‍ കയറി ഒളിച്ചത്. മെഷിനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന ഇയാളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണു പോലീസ് പുറത്തെത്തിച്ചത്.
നാമക്കല്‍ അനിയാപുരമെന്ന സ്ഥലത്തു പതിവ് രാത്രികാല പരിശോധനയിലായിരുന്നു മോഹനൂര്‍ പോലീസ്. ഇതിനിടെയാണ് റോഡരികിലെ ഇന്ത്യ നമ്പര്‍ വണ്‍ കമ്പനിയുടെ എ.ടി.എമ്മില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടത്. തുടര്‍ന്ന് അകത്തു കയറി നോക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടില്ല. പക്ഷേ എ.ടിഎം മെഷീന് മുകളിലായി സ്ഥാപിച്ച ഷീറ്റ് അല്‍പം മാറികിടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടു.
തുടര്‍ന്ന് ലൈറ്റെടിച്ചു അകത്തേക്കു നോക്കിയപ്പോഴാണ് മെഷീനകത്ത് ഒരു യുവാവ് പതുങ്ങിയിരിക്കുന്നു കണ്ടത്. നാമക്കല്‍ പറളിയെന്ന സ്ഥലത്തെ കോഴിത്തീറ്റ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ ബീഹാര്‍ സ്വദേശി ഉപേന്ദ്ര റോയിയാണ് അറസ്റ്റിലായത്. പിറകുവശം പൂര്‍ണമായി തകര്‍ത്തു നോട്ടുകള്‍ അടുക്കിവെയ്ക്കുകയായിരുന്നു പോലീസെത്തുമ്പോള്‍ ഉപേന്ദ്ര റോയി. കൃത്യസമയത്തു പോലീസ് എത്തിയതിനാല്‍ പണം നഷ്ടമായില്ല.