പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വനിത ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ വനിത പാരാമെഡിക്കല്‍ ടെക്‌നീഷ്യനെ പീഡിപ്പിക്കാന്‍ ശ്രമിച്ച താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ചിറ്റാര്‍ പന്ന്യാര്‍ കോളനിയില്‍ ചിറ്റേഴത്ത് വീട്ടില്‍ അനന്തരാജിനെ (36) ആണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരാണ്. കൊവിഡുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ കുറവുണ്ടായ സാഹചര്യത്തിലാണ് ഇവരെ താല്‍ക്കാലികമായി നിയമിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. യുവതി ഇരുന്ന ഇ.സി.ജി മുറിയിലെത്തിയ പ്രതി തന്റെ ഇ.സി.ജി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പലതവണ വിസമ്മതിച്ചെങ്കിലും ഒടുവില്‍ എടുത്തുനല്‍കാമെന്ന് യുവതി സമ്മതിക്കുകയും ഇ.സി.ജി എടുത്തുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മുറിയില്‍ നിന്നിറങ്ങിയ യുവതി തിരിച്ച് ഇതേ മുറിയിലേക്ക് എത്തിയപ്പോള്‍ ഇയാള്‍ പോകാതെ അവിടെ തന്നെ ഇരിക്കുകയായിരുന്നു.

യുവതി അകത്തേക്കു കയറിയതിനു പിന്നാലെ വാതില്‍ കുറ്റിയിട്ട് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഇയാളെ മെഡിക്കല്‍ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News