വീട്ടിലേക്ക് ലോറി ഇടിച്ചു കയറ്റി ഭാര്യയേയും ഭാര്യ പിതാവിനെയും കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
മേലാറ്റൂര്‍: ഭാര്യയെയും ഭാര്യ പിതാവിനെയും ലോറി ഇടുപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തനാട്ടുകര ചള്ളപ്പുറത്ത് റഫീഖി(28)നെ ആണ് മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. റഫീഖിന്റെ ഭാര്യ പിതാവ് ചേരിപറമ്പ് അരിപ്പന്‍വീട്ടില്‍ അബ്ബാസിന്റെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഫീഖുമായി പിണങ്ങി, വെള്ളിയഞ്ചേരി ചേരിപ്പറമ്പ് സ്വദേശിയായ ഭാര്യ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടികളെ കാണാന്‍ എന്ന് പറഞ്ഞ് എത്തിയ റഫീക്ക് ഭാര്യയോട് തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു. മകളെ മര്‍ദ്ദിക്കുന്നത് കണ്ടതോടെ പിതാവ് റഫീഖിനെ ബലമായി ഇറക്കിവിട്ടു. തുടര്‍ന്നാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനിലോറി വീട്ടിലേക്ക് ഇടിച്ചു കയറ്റിയത്.
വീടിന്റെ മുന്‍വശത്തെ ബീമില്‍ ഇടിച്ചാണ് ലോറി നിന്നത്. ലോറിയുടെയും ഭിത്തിയുടെയും ഇടയില്‍ നിന്ന് തങ്ങള്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ഭാര്യാപിതാവ് ചേരിപ്പറമ്പ് അരിപ്പന്‍ വീട്ടില്‍ അബ്ബാസ് പരാതിയില്‍ പറയുന്നു. സിറ്റൗട്ടില്‍ നില്‍ക്കുകയായിരുന്ന ഭാര്യയെയും മാതാപിതാക്കളെയും കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.