കൊച്ചി: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെയാണ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.അബ്ദുൾ ലത്തീഫിനെ ഉച്ചയോടെ തൃക്കാക്കരയിലെത്തിക്കും. ഇയാൾ മുസ്ലീം ലീഗ് അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു. ഔദ്യോഗിക ഭാരവാഹിത്വം ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വ്യാജ ട്വറ്റർ ഐഡി ഉപയോഗിച്ചായിരുന്നു വീഡിയോ ട്വീറ്റ് ചെയ്തത്.വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു
വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രി ട്വിറ്റർ അധികൃതർ കൊച്ചി പൊലീസ് കമ്മിഷണർക്ക് കൈമാറിയിരുന്നു. ഫേസ്ബുക്കിലും അബ്ദുൾ ലത്തീഫ് തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഫേസ്ബുക്ക് അധികൃതരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.
വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്കൽ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നുമായിരുന്നു ദയാ പാസ്കല്‍ പറഞ്ഞത്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ ? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല. കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ” എന്നായിരുന്നു ദയാ പാസ്കൽ ചോദിച്ചത്.