വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്‌സ് ടോയ്സ് അയച്ചുകൊടുത്തതിനു ശേഷം ഫോൺ നമ്പർ പോൺ സൈറ്റിൽ ഇട്ടു; യുവാവ് അറസ്റ്റില്‍

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്‌സ് ടോയ്സ് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. 26കാരനായ കുണാല്‍ അങ്കോല്‍ക്കാര്‍ ആണ് മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രതികാരമായി ഇയാള്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ പങ്കുവെയ്ക്കുകയായിരുന്നു.

ലൈംഗിക ആവശ്യങ്ങളുമായി നിരവധി പേര്‍ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് യുവതി പരാതി നല്‍കിയത്. ഫെബ്രുവരിയിലായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. ചില സെക്സ് ടോയ്സ് കൊറിയര്‍ വഴി ലഭിച്ചപ്പോള്‍ ആര്‍ക്കെങ്കിലും അഡ്രസ് മാറിയതാകാമെന്ന് കരുതി ആദ്യം ഇത് അവഗണിച്ചു. എന്നാല്‍ ഇതിനു ശേഷം പലപ്പോഴായി ഇത്തരത്തില്‍ യുവതിയുടെ അഡ്രസില്‍ പാഴ്സലുകള്‍ ലഭിക്കുകയുണ്ടായി. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ കൊറിയര്‍ കമ്പനിയുമായി ബന്ധപ്പെട്ട് യുവതിയ്ക്ക് കൊറിയര്‍ അയച്ചത് ആരാണെന്ന് കണ്ടെത്തി. കൂടാതെ യുവതിയുടെ ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ അപ്ലോഡ് ചെയ്ത ഐപി അഡ്രസും കണ്ടുപിടിക്കുകയായിരുന്നു. എന്നാല്‍ പ്രതി വിപിഎന്‍ ഉപയോഗിച്ചായിരുന്നു യുവതിയുടെ അഡ്രസിലേയ്ക്ക് സെക്സ് ടോയ്സ് അയച്ചു കൊടുത്തിരുന്നത്. ഈ സൈറ്റില്‍ നിന്ന് സെക്സ് ടോയ്സ് ഓര്‍ഡര്‍ ചെയ്ത ഐപി അഡ്രസും കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിലുള്ള ദേഷ്യമാണ് ഇത്തരത്തില്‍ പെരുമാറാന്‍ കാരണമായതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News