കൊച്ചിയില്‍: കൊച്ചിയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. തൊടുപുഴ വണ്ണപ്പുറം സ്വദേശി മുഹമ്മദ് റസലാണ് ആണ് അറസ്റ്റിലായത്. റസലിനെതിരെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കേസില്‍ തൃക്കാക്കര സ്വദേശി നജീബിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃക്കാക്കരയ്ക്ക് സമീപം ജഡ്ജി മുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്‌ളാറ്റിലുമാണ് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചത്. ടെലികോം വകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കംപ്യൂട്ടറും മോഡവും പോലീസ് പിടിച്ചെടുത്തിരുന്നു. മുറിയിലുണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിദേശത്തു നിന്നു വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്റര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പരില്‍ നിന്നും ലഭിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ഇവര്‍ ചെയ്തിരുന്നത്. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.