സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തി സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ യൂട്യൂബില്‍ ഉണ്ടെന്ന് ധരിപ്പിക്കും, വിശ്വാസം പടിച്ചുപറ്റിയ ശേഷം പീഡനം; തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

പാലോട്: സൈബര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കുറുപുഴ വില്ലേജില്‍ നന്ദിയോട് പൗവത്തുര്‍ സ്മിതാഭവനില്‍ ദീപു കൃഷ്ണനെയാണ് (36) അറസ്റ്റിലായത്.

സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പോലീസുകാരനെന്ന് പറഞ്ഞ് ഇയാളെത്തും. ശേഷം വീട്ടമ്മമാരുടെ നഗ്‌നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കും. ഇത് ഉറപ്പുവരുത്താന്‍ ശരീരത്തിന്റെ അളവുകള്‍ എടുക്കണമെന്നും അറിയിക്കും. സമ്മതപത്രം എഴുതി വാങ്ങിയ ശേഷം അളവെടുക്കുന്ന വ്യാജേന സ്ത്രീകളെ ഉപദ്രവിക്കുകയാണ് ഇയാളുടെ പതിവ് രീതി.

പോലീസ് വേഷത്തില്‍ മാസ്‌ക് ധരിച്ചാണ് ഇയാള്‍ വീടുകളിലെത്തിയിരുന്നത്. പാലോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞ ഇയാളെ ഇന്നലെ പാലോട് പോലീസ് തമ്പാനൂരിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. വിവിധ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകളുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News