കെ.കെ ശൈലജക്കെതിരെ അശ്ലീല പരാമര്‍ശം; യുവാവ് അറസ്റ്റില്‍

മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ ഫേസ്ബുക്കിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദാണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണു ഇയാള്‍ മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. മറ്റൊരു പോസ്റ്റിന് മറുപടി കൊടുത്തുകൊണ്ടായിരുന്നു അശ്ലീല പരാമര്‍ശം.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരിന്നു. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നിരവധി പേര്‍ എത്തിയതോടെ അന്‍ഷാദ് ഈ പോസ്റ്റ് നീക്കം ചെയ്തു. വിഷയത്തില്‍ മാപ്പപേക്ഷിച്ച് പുതിയൊരു കുറിപ്പും ഇയാള്‍ ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ് ചെയ്തിരുന്നു.

പ്രകോപനം സൃഷ്ടിച്ചു ലഹളയും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനുമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു.

പ്രതിയെ ജാമ്യത്തില്‍ വിട്ടു. പ്രവാസിയായിരുന്ന അന്‍ഷാദ് നാട്ടില്‍ ബിസിനസ് ചെയ്യുകയാണ്. പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടുള്ള സ്മാര്‍ട്ട്‌ഫോണും പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ കൈമാറുമെന്ന് മേലാറ്റൂര്‍ എസ്‌ഐ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News