CrimeNews

ഉറങ്ങിക്കിടന്ന സുഹൃത്തിനെ അമ്മിക്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രതി എട്ടു വര്‍ഷത്തിന് ശേഷം പിടിയില്‍

ആലപ്പുഴ: ഉറങ്ങിക്കിടന്ന സുഹൃത്തിനെ അമ്മിക്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ യുവാവ് എട്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ആലപ്പുഴ നൂറനാട് പേരൂര്‍ കാരായ്മയില്‍ ഇര്‍ഷാദി(24)നെ കൊന്ന കേസിലെ പ്രതി കൊല്ലം പത്തനാപുരം പുന്നല ചാച്ചിപ്പുന്ന തച്ചക്കോട്ട് ശശിഭവനത്തില്‍ പ്രമോദി(44)നെയാണ് തിരുപ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

2013 ജൂണ്‍ 27നായിരുന്നു സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. പിന്നീട് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന ഇര്‍ഷാദിനെ കൊലപ്പെടുത്തിയശേഷം പ്രമോദ് ഒളിവില്‍പ്പോയി. മൂന്നുദിവസം കഴിഞ്ഞ് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് നൂറനാട് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചന ലഭിക്കാഞ്ഞതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇര്‍ഷാദ് കൊല്ലപ്പെടുംമുമ്പ് അപരിചിതനായ ഒരാളെ കണ്ടിരുന്നതായി അയല്‍വാസി നല്‍കിയ മൊഴിയാണ് വഴിത്തിവായത്.

ഇര്‍ഷാദുമായി ചങ്ങാത്തം കൂടിയ പുന്നല സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രമോദിന് കൊലപാതകത്തില്‍ പങ്കുള്ളതായും ഇര്‍ഷാദിന്റെ കൊലയ്ക്ക് ഒരു ദിവസം മുമ്പ് ഇരുവരെയും ഒന്നിച്ച് കണ്ടതായും വിവരം ലഭിച്ചു. പ്രമോദ് നേരത്തെ ജോലി ചെയ്തിരുന്ന ക്വാറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഒരുവര്‍ഷം മുമ്പ് അമ്മ മരിച്ചപ്പോള്‍ പ്രമോദ് എത്തുമെന്ന് കരുതി പ്രദേശത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും വന്നില്ല. വിദേശത്ത് ജോലിയുള്ള സഹോദരിയുടെ തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ പ്രമോദ് ചെന്നൈയിലുള്ളതായി വിവരം ലഭിച്ചു. അന്വേഷണത്തില്‍ സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വര്‍ക്ക്ഷോപ്പുകളില്‍ ഇയാള്‍ ജോലി ചെയ്തതായി കണ്ടെത്തി.

ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാസങ്ങളോളം നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി: പ്രശാന്ത് കാണി, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.ബിജു, എ.എസ്.ഐ അജിമോന്‍, ഷൈജു, പ്രജിത് കുമാര്‍ എന്നിവരടങ്ങിയ സംഘം തിരുപ്പൂരില്‍നിന്ന് പ്രമോദിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button