33.4 C
Kottayam
Wednesday, May 8, 2024

‘ഏതു സമയത്തും കൊല്ലപ്പെടാം, അവന്റെ ക്വട്ടേഷന്‍ സംഘം ഇന്നലെ രാത്രിയും വീടിനു പരിസരത്ത് എത്തിയിരുന്നു’; വിസാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ശരത് ചന്ദ്രനെതിരെ പരാതി ജോബി പറയുന്നു

Must read

കൊച്ചി: ‘ഏതു സമയത്തും കൊല്ലപ്പെടാം.. അവന്റെ ക്വട്ടേഷന്‍ സംഘം ഇന്നലെ രാത്രിയും വീടിനു പരിസരത്ത് എത്തിയിരുന്നു.. ഗുണ്ടാ ഭീഷണി കാണിച്ച് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അവരുടെ മുന്നില്‍ ചെന്നു പെടേണ്ടെന്നാണ് പോലീസും പറഞ്ഞിരിക്കുന്നത്.’ – വിസാ തട്ടിപ്പു കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവേലിക്കര വള്ളികുന്നം സ്വദേശി ശരത് ചന്ദ്രനെതിരെ പരാതി നല്‍കിയ മൂവാറ്റുപുഴ സ്വദേശി ജോബിയുടേതാണ് വാക്കുകള്‍.

23 വയസിനിടെ വിസാ തട്ടിപ്പു നടത്തി കേരളത്തില്‍നിന്നു മാത്രം 20 കോടി രൂപയിലേറെ തട്ടിയെടുത്തിട്ടുണ്ട് ഇയാള്‍. ജോബിക്കു മാത്രം 1,74,92,000 രൂപ നല്‍കാനുണ്ടെന്നാണ് കേസ്. കുരുക്കു മുറുകുന്നതറിഞ്ഞ് വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ശരത് ചന്ദ്രന്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലാകുന്നത്. മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ എം.എ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിത ഇടപെടലിലാണ് അറസ്റ്റിലേക്ക് നയിച്ചത്.

മലേഷ്യയിലേയ്ക്ക് ഒരു പറ്റം ആളുകള്‍ക്ക് ടിക്കറ്റെടുക്കാന്‍ ശരത് ചന്ദ്രന്റെ തട്ടിപ്പ് പങ്കാളി അരുണ്‍ കുര്യന്‍ എന്നയാള്‍ തന്റെ ട്രാവല്‍സ് ഓഫിസില്‍ വന്നപ്പോള്‍ തുടങ്ങിയ ദുരിതമാണ് തന്റേതെന്ന് തൃക്കളത്തൂര്‍ സ്വദേശി ജോബി പറയുന്നു. ഗള്‍ഫില്‍ ജോലി ചെയ്ത് സമ്പാദിച്ച വീടും പുരയിടവും അമ്മയുടെയും ഭാര്യയുടെയും കെട്ടുതാലിയും വരെ നഷ്ടപ്പെട്ടതാണ് അനുഭവം. അരുണാണ് ശരത്തിനെ പരിചയപ്പെടുത്തിയത്.

താല്‍പര്യമുള്ളവര്‍ക്കു തായ്‌ലന്‍ഡില്‍ മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്തു. ഇതോടെ തന്നോടൊപ്പം ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലെത്തിയവര്‍ക്കു കൂടി സഹായമാകട്ടെ എന്നു കരുതി അവര്‍ക്കു കൂടി വീസ വേണമെന്നു പറഞ്ഞു. താനുള്‍പ്പടെ 28 പേര്‍ക്ക് തായ്‌ലന്‍ഡില്‍ ജോലി ശരിയാക്കി വീസയും തന്നു. റിഗ്ഗിലെ ജോലിയായിരുന്നു വാഗ്ദാനം. അവിടെ എത്തിയപ്പോള്‍ പറഞ്ഞ ജോലിയുമില്ല, കൂലിയുമില്ല.

ഇതോടെ മലേഷ്യയില്‍ ഒരു കാര്‍ കമ്പനിയില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്നായി. 28 പേരും മലേഷ്യയിലെത്തിയെങ്കിലും ജോലി ലഭിച്ചില്ല. നൂറു ദിവസത്തിലേറെ അവിടെ കുടുങ്ങിക്കിടന്നു. മിക്ക ദിവസങ്ങളും എല്ലാവരും പട്ടിണിയിലായി. ഇതിനിടെ കാനഡയിലേയ്ക്ക് വീസ ശരിയാക്കാമെന്നായി. എന്തായാലും ഇത്രയും പണം നഷ്ടമായി, ഇനി അതെങ്കിലും നടക്കുമോ എന്ന് നോക്കാമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

ഈ സമയം കുറെ കള്ള രേഖകള്‍ തയാറാക്കി വീസ തയാറാകുന്നതായി അറിയിച്ചു. ഇതു പറഞ്ഞ് ഓരോരുത്തരില്‍ നിന്നും 50,000 രൂപ വീതം കൂടി വാങ്ങിയെടുത്തു. അതും നടക്കില്ലെന്നു മനസിലായതോടെയാണ് തിരികെപ്പോരാന്‍ തീരുമാനിക്കുന്നത്. മടങ്ങണമെങ്കില്‍ ഒരാള്‍ 80,000 രൂപ വീതം ഫൈനടയ്ക്കണമെന്നായിരുന്നു അവിടുത്ത നിയമം.

ഒപ്പമുണ്ടായിരുന്നവര്‍ പണം തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതിനാല്‍ അവരുടെ ബാധ്യത കൂടി തന്റെ ചുമലിലായി. ഇതോടെ നാട്ടിലെ സ്ഥലവും വീടും വില്‍ക്കാന്‍ തീരുമാനിച്ചത്. ഭാര്യയുടെയും അമ്മയുടെയും സ്വര്‍ണമെല്ലാം വിറ്റ് അയച്ചു തന്ന പണം കൊണ്ടാണ് നാട്ടിലേയ്‌ക്കെത്തുന്നത്.

നാട്ടില്‍ നാണംകെട്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. തട്ടിപ്പിനിരയായവര്‍ ഇപ്പോഴും വീട്ടില്‍ വന്ന് വഴക്കുണ്ടാക്കും. എല്ലാം വിറ്റ് കൊടുക്കാവുന്ന പണമെല്ലാം കൊടുത്തിട്ടുണ്ട്. ഏറ്റവും അവസാനം വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജും വിറ്റ് പണം നല്‍കി. ഇനി വില്‍ക്കാന്‍ പറ്റുന്നത്, തന്റെ കൈവശമുള്ളത് മൊബൈല്‍ ഫോണ്‍ മാത്രമാണ്. ഇവിടെ വന്ന് ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെ ഒരു ചരക്കു വാഹനം വാടകയ്‌ക്കെടുത്ത് ഓടിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week