ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിലെ തർക്കം രൂക്ഷമാകുന്നു. പശ്ചിമ ബംഗാളിൽ കോൺഗ്രസ് സിപിഎം ധാരണയുണ്ടാകുമെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസിനെ കടന്നാക്രമിച്ച് രംഗത്തു വന്നു. വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്ന് മമത അഭിപ്രായപ്പെട്ടു.
ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരാമർശം. രണ്ട് സീറ്റാണ് കോൺഗ്രസിന് സംസ്ഥാനത്ത് നൽകാമെന്ന് പറഞ്ഞതെന്നും, അത് കോൺഗ്രസ് അംഗീകരിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.
ജോഡോ യാത്ര സംസ്ഥാനത്തെത്തിയിട്ട് പോലും സഖ്യത്തിലുള്ള തന്നെ അറിയിച്ചില്ലെന്നും മമത ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ച് തന്നെ അറിയിച്ചില്ല. അനുമതി തേടി കോൺഗ്രസ് നേതാക്കൾ ഡെറക് ഒബ്രയനെയാണ് വിളിച്ചതെന്നും മമത ബാനർജി പറഞ്ഞു.
കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ ബിജെപിയെ യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നേരിട്ട് തോല്പിക്കുകയാണ് വേണ്ടതെന്നും മമത ബാനർജി ആഞ്ഞടിച്ചു. രാഹുൽ ഗാന്ധിയെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം യാത്രയ്ക്ക് ഐക്യദാർഢ്യം അറിയിച്ചതിന് പിന്നാലെയാണ് മമത ബാനർജി കോൺഗ്രസിനെ പരസ്യമായി തള്ളിയത്.