26.8 C
Kottayam
Sunday, May 5, 2024

ഒന്നിനെതിരെ രണ്ടടിച്ച് ഒഡീഷ; ബ്ലാസ്റ്റേഴ്സിന് സീസണിലെ നാലാം തോൽവി

Must read

ഭുവനേശ്വര്‍: ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മൈതാനത്തെത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി. കരുത്തരായ ഒഡിഷ എഫ്.സി.ക്കെതിരേ തോല്‍വി. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. 11-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടി കളിയില്‍ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ഒഡിഷ വിജയിച്ചു.

റോയ് കൃഷ്ണയുടെ നാല് മിനിറ്റ് ഇടവേളയിലെ രണ്ട് ഗോളുകളാണ് ഒഡിഷക്ക് ജയം സമ്മാനിച്ചത്. 53-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്ന് ജാവോയുടെ ഉശിരന്‍ ക്രോസ് റോയ് കൃഷ്ണ വലയിലേക്ക് തിരിച്ചുവിട്ടു. റോയ് കൃഷ്ണയെ ബ്ലാസ്‌റ്റേഴ്‌സില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്നത് വലിയ പിഴവായി. ഇതോടെ കളി 1-1 സമനിലയായി.

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ അതിന്റെ ആഘാതം വിട്ടുമാറുന്നതിനു മുന്നെത്തന്നെ റോയ് രണ്ടാമത്തെ ഗോളും കണ്ടെത്തി. 57-ാം മിനിറ്റില്‍ ഹെഡര്‍ വഴിയായിരുന്നു ഇത്തവണത്തെ ഗോള്‍. ഗോളി സച്ചിന്‍ സുരേഷിന് ഒന്നും ചെയ്യാനാവാത്ത വിധം അത് വലയില്‍ ചെന്നു പതിച്ചു. ഇതോടെ ഒഡിഷ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു.

11-ാം മിനിറ്റില്‍ ദിമിത്രിയാസ് ഡയമന്റാക്കോസിലൂടെയാണ് കേരളം സ്‌കോര്‍ കണ്ടെത്തിയത്. നിഹാലാണ് അസിസ്റ്റ് നല്കിയത്. വലതു വിങ്ങില്‍നിന്ന് കൈവശപ്പെടുത്തിയ പന്തുമായി നിഹാല്‍ ഒഡിഷ ബോക്‌സിനകത്തേക്ക് ഓടി. പന്ത് പിഴവുകളില്ലാതെ ദിമിത്രിയോസ് ഡയമന്റക്കോസിന് കൈമാറി. തുടര്‍ന്ന് ദിമിത്രിക്ക് ഇത് പോസ്റ്റിലേക്ക് പായിക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ. അത് വളരെ അനായാസം അദ്ദേഹം പൂര്‍ത്തിയാക്കി. കളിയുടെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ആദ്യ ഘട്ടത്തില്‍ ഒഡിഷയായിരുന്നു കുറെക്കൂടി ഉണര്‍ന്നു കളിച്ചത്.

ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഒഡിഷ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 13 കളികളില്‍നിന്ന് എട്ട് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 27 പോയിന്റാണ് ഒഡിഷയ്ക്ക്. അത്രതന്നെ മത്സരങ്ങളില്‍ എട്ട് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായി 26 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11 കളികളില്‍ എട്ട് ജയവും മൂന്ന് സമനിലയുമായി 27 പോയിന്റുകള്‍ നേടി ഗോവയാണ് ഒന്നാമത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week