മമ്മൂട്ടി റോള്‍ മോഡലായി എല്ലാ അര്‍ത്ഥത്തിലും സ്വീകരിച്ച് കൊണ്ടുനടക്കുന്ന ഒരുപാടുപേരുണ്ട്. ലുക്കിന്‍റെ കാര്യത്തിലാണെങ്കില്‍ ഇന്ത്യയിലെ മിക്ക ഭാഷകളിലെയും താരങ്ങള്‍ മമ്മൂട്ടിയുടെ ഡ്രസ് സെന്‍സിനെ പിന്തുടരുന്നവരാണ്. അത് പബ്ലിക് ഫംഗ്ഷനുകളിലെ അപ്പിയറന്‍സില്‍ മാത്രമല്ല സിനിമകളിലെ സ്റ്റൈലുകളിലും മമ്മൂട്ടി ചിത്രങ്ങളാണ് പലര്‍ക്കും റഫറന്‍സ്. നായകന്‍ എങ്ങനെയായിരിക്കണം സ്റ്റാർഡമുള്ള നടന്റെ ലുക്ക് എങ്ങനെയായിരിക്കണം എന്നൊക്കെയുള്ളതിന് ഉദാഹരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിയെത്തന്നെയാണ്.
സിനിമകളിലെ ലുക്ക് മാറ്റി നിര്‍ത്തിയാല്‍ പൊതുചടങ്ങുകള്‍ക്ക് എത്തുമ്പോഴും മമ്മൂട്ടി തന്‍റെ ലുക്കില്‍ അപ്രതീക്ഷിത സ്റ്റൈലുകള്‍ കൊണ്ടുവന്ന് ഏവരെയും ഞെട്ടിക്കാറുണ്ട്. പുതിയ പുതിയ സ്റ്റൈലുകള്‍ പൊതു ചടങ്ങുകളില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് പതിവാണ്.
എന്നാല്‍ ചിലപ്പോഴൊക്കെ വളരെ സാധാരണക്കാരനായി മുണ്ടും ഷര്‍ട്ടും ധരിച്ചുവരുന്ന മെഗാസ്റ്റാറിനെയും നമ്മള്‍ കാണാറുണ്ട്. മുണ്ടും ഷർട്ടും ധരിച്ച് വന്നാൽ പോലും അതിലും ഒരു യുനീക്ക് മമ്മൂട്ടി സ്റ്റൈലുണ്ടാകും. മോഹൻലാൽ പോലും യൂത്തിനൊപ്പം അപ്ഡേറ്റഡായി ജീവിക്കുന്ന മമ്മൂട്ടിയുടെ കഴിവിനെ പ്രശംസിക്കാറുണ്ട്.
ഇപ്പോഴിതാ തനിയാവർത്തനം അടക്കമുള്ള സിനിമകളിൽ മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന നാഗരാജ് മെഗസ്റ്റാറിനൊപ്പമുള്ള അനുഭവങ്ങൾ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടു. വസ്ത്രത്തിൽ ചെറിയ മിസ്റ്റേക്ക് വന്നാൽപോലും മമ്മൂട്ടി ധരിക്കാൻ തയ്യാറാവില്ലെന്ന് നാഗരാജ് പറഞ്ഞത്.
‘തനിയാവർത്തനം ചെയ്തപ്പോൾ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹത്തിന്റെ വസ്ത്രം എത്തരത്തിലുള്ളതായിരിക്കണമെന്നത് സംബന്ധിച്ചും ലോഹിതദാസ് സാർ കൃത്യമായ വിവരണം തന്നിരുന്നു. ഞാനാണ് വസ്ത്രം സെലക്ട് ചെയ്യാറ്. തനിയാവർത്തനത്തിന് വേണ്ടി മെറ്റീരിയൽ സെലക്ട് ചെയ്യാൻ പോയപ്പോൾ ആർട്ട് ഡയറക്ടർ കൃഷ്ണൻകുട്ടിയും ഒപ്പം വന്നിരുന്നു.’
‘അയാൾ ഒരു മെറ്റീരിയൽ സെലക്ട് ചെയ്തു. അത് കണ്ടപ്പോഴെ മമ്മൂക്ക അതിടില്ലെന്ന് ഞാൻ കൃഷ്ണൻകുട്ടിയോട് പറഞ്ഞിരുന്നു. പക്ഷെ അയാൾ അത് നിരസിച്ചു. അവസാനം ഇതുമായി മമ്മൂക്കയുടെ അടുത്ത് ട്രയലിന് ചെന്നപ്പോൾ അദ്ദേഹം അത് ഇടാൻ കൂട്ടാക്കിയില്ല.’
‘ഞാൻ ഈ മെറ്റീരിയൽ ഇടില്ലെന്ന് നിനക്ക് അറിയില്ലെയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. മെറ്റീരിയൽ സെലക്ട് ചെയ്തത് ഞാനല്ല ആർട്ട് ഡയറക്ടറാണെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക് അയാളെ ശകാരിച്ചു. നിനക്ക് നിന്റെ പണി എടുത്താൽ പോരെയെന്നാണ് അദ്ദേഹം ആർട്ട് ഡയറക്ടറോട് ചോദിച്ചത്. വീണ്ടും പുതിയ തുണിയെടുത്ത് ഞാൻ കോസ്റ്റ്യൂം തയിച്ചു.’
‘മമ്മൂക്കയുടെ കളർ സെൻസ് എന്താണെന്ന് വരെ എനിക്ക് ഒരു ഐഡിയയുണ്ട്. കുറേനാൾ ഒപ്പം പ്രവർത്തിച്ചതല്ലേ. സെലക്ഷന്റെ കാര്യത്തിലും വെറൈറ്റി നോക്കുന്നതിലും മമ്മൂട്ടി സാറിനെപ്പോെല മറ്റൊരാളില്ല. കളർഫുൾ ഡ്രസ് അദ്ദേഹത്തിന് ഇഷ്ടമാണ്. കളിക്കളത്തിലും അദ്ദേഹത്തിന് കോസ്റ്റ്യൂം ചെയ്തു. ഷൂട്ടിനിട്ട വസ്ത്രങ്ങൾ മമ്മൂക്ക സ്വന്തമായി എടുക്കാറില്ല. മിക്കതും നിർമാതാവ് കൊണ്ടുപോകും.’
‘ചെറിയ പിശക് വസ്ത്രത്തിൽ ഉണ്ടെങ്കിൽ പോലും മമ്മൂട്ടി ഇടില്ല. ഉത്തരം സിനിമയുടെ സെറ്റിൽ ആദ്യം മമ്മൂക്കയക്ക് 3 ഷർട്ട് രണ്ട് മുണ്ടൊക്കെയാണ് സംവിധായകൻ നിർദേശിച്ചത്. ഒരുപാട് സീനുള്ളതിനാൽ മൂന്ന് ഷർട്ട് മാത്രം മാറി മാറി ധരിക്കാൻ മമ്മൂക്ക തയ്യാറാവില്ലെന്ന് ഞാൻ ആദ്യമെ സംവിധായകനോട് പറഞ്ഞിരുന്നു.’
‘അദ്ദേഹം സമ്മതിച്ചില്ല. അവസാനം മമ്മൂക്ക വന്ന് കണ്ടപ്പോൾ സമ്മതിച്ചില്ല. മുപ്പത് ഷർട്ടും 20 പാന്റും വാങ്ങാൻ മമ്മൂക്ക നിർദേശിച്ചു. അവസാനം ഞങ്ങൾ അതും ചുരുക്കി ഇരുപത് എണ്ണമാക്കി. കാരണം നിർമാതാവിന്റെ കയ്യിൽ പണമില്ലായിരുന്നു’,സിനിമാ അനുഭവം പങ്കിട്ട് നാഗരാജ് പറഞ്ഞു.