കൊച്ചി:പെട്ടെന്ന് ദേഷ്യപ്പെടുകയും അതുപോലെ തന്നെ അലിയുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടിയെന്നാണ് പൊതുവെയുള്ള അഭിപ്രായം. മമ്മൂട്ടിയുടെ പിണക്കത്തിന്റെ കഥകള്‍ ആരാധകര്‍ക്കും സിനിമാക്കാര്‍ക്കും ഇടയില്‍ പ്രശസ്തമാണ്. അങ്ങനെ ഒരിക്കല്‍ മമ്മൂട്ടി തന്നോട് പരസ്യമായി ചൂടായ സംഭവത്തെക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പങ്കുവച്ചിരുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ ഓര്‍മ്മ പങ്കുവച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
മമ്മൂക്കയെ ആദ്യമായി കാണുന്നത് ന്യൂഡല്‍ഹി സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ്. മെറിലാന്റില്‍ വച്ചായിരുന്നു ഷൂട്ട്. ഞാനന്ന് പത്രപ്രവര്‍ത്തകനായാണ് ചെന്നത്. അന്ന് മമ്മൂക്ക പരാജയപ്പെട്ടു നില്‍ക്കുന്ന കാലമാണ്. ന്യൂഡല്‍ഹി പരാജയപ്പെട്ടിരുന്നുവെങ്കില്‍ മമ്മൂക്കയുടെ ജാതകം മാറിപ്പോയേനെ. ആ സമയം ആയതു കൊണ്ട് തന്നെ സെറ്റില്‍ എല്ലാവരോടും മയത്തോടെയായിരുന്നു മമ്മൂക്ക പെരുമാറിയിരുന്നത്. എനിക്ക് പത്രക്കാര്‍ ചെല്ലുമ്പോഴുള്ള ശീലങ്ങള്‍ അറിയില്ലായിരുന്നു.
ഞാനും ഫോട്ടോഗ്രാഫറും കന്നി അയ്യപ്പന്മാരാണ്. മമ്മൂക്ക ഷൂട്ടിംഗ് കഴിഞ്ഞ് പോകാന്‍ നോക്കുകയാണ്. ഞാന്‍ പോവുകയാണോ എന്ന് ചോദിച്ചു. ആ പോവുകയാണെന്ന് മമ്മൂക്ക പറഞ്ഞു. പോയാലെങ്ങനെ നമുക്ക് ഫോട്ടോസും കവറിനുള്ള ഫോട്ടോയുമൊക്കെ എടുക്കണമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ ഇതേതോ ഒരു പൊട്ടനാണെന്ന് അദ്ദേഹത്തിന് അപ്പോള്‍ തന്നെ മനസിലായി. ലൈറ്റ് പോയില്ലേ പിന്നെയെടുക്കാമെന്ന് ചൂടാവാകാതെ അദ്ദേഹം പറഞ്ഞു.
എനിക്ക് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ഒരു സമ്മാനം കിട്ടിയിരുന്നു. അത് വാങ്ങാനായി വരുമ്പോള്‍ അമ്മയേയും കൊണ്ടു വന്നിരുന്നു. കേന്ദ്രമന്ത്രിയാണ് അവാര്‍ഡ് തരുന്നത്. പുള്ളി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മമ്മൂക്ക വന്നു. മമ്മൂക്കയുടെ മോശം സ്വഭാവമാണത്. പരിപാടി തുടങ്ങിക്കഴിഞ്ഞേ വരൂ, പരിപാടി കഴിയും മുമ്പ് ഇറങ്ങിപ്പോവുകയും ചെയ്തു. മുന്‍ നിരയിലായിരുന്നു മമ്മൂക്കയുടെ സീറ്റ്. പക്ഷെ എന്റെ നിര്‍ഭാഗ്യത്തിന് അദ്ദേഹം രണ്ടാം നിരയിലെ എന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു.
നായര്‍ സാബില്‍ പുള്ളിയുടെ ചിത്രമാണ് ഫിലിം ക്രിട്ട്ക്‌സിന്റെ സൊവനിയറിന്റെ കവര്‍. അത് എല്ലാവര്‍ക്കും കൊടുത്തിരുന്നു. അദ്ദേഹം അത് പതുക്കെ മറച്ചു നോക്കി. എന്റെ പേരും ഫോട്ടോയും അതിലുണ്ടായിരുന്നു. അതില്‍ നോക്കിയ ശേഷം എന്നെയും നോക്കി. നിങ്ങളാണോ ഈ സ്വര്‍ണ മെഡല്‍ അടിച്ചയാള്‍ എന്ന് ചോദിച്ചു. കോളടിച്ചല്ലോ എന്നും പറഞ്ഞു. പിന്നേയും പേജുകള്‍ മറച്ചു. പെട്ടെന്ന് എവിടെയോ എന്തോ ഓര്‍മ്മ വന്നത് പോലെ തിരിച്ചു വന്നു.
നിങ്ങള്‍ ഏതെങ്കിലും പത്രത്തില്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. അതേയെന്ന് ഞാന്‍ പറഞ്ഞു. ലാലിന്റെ കല്യാണത്തിന് ഞാന്‍ ഒരാളെ തല്ലുന്നത് താന്‍ കണ്ടോ എന്ന് മമ്മൂക്ക ചോദിച്ചു. ഞാന്‍ കണ്ടുവെന്ന് പറഞ്ഞു. എടോ ഇങ്ങനെ ഇല്ലാത്ത ഗോസിപ്പുണ്ടാക്കിയല്ല പേരുണ്ടാക്കേണ്ടത് എന്ന് ഭയങ്കര ഉച്ചത്തില്‍ അദ്ദേഹം പറഞ്ഞു. പുറകിലിരുന്ന ഭീമന്‍ രഘു എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. മോഹന്‍ലാലിന്റെ കല്യാണത്തിന് ഞാനൊരാളെ അടിച്ചുവെന്ന് ഇയാള്‍ എഴുതിയെന്ന് മമ്മൂക്ക പറഞ്ഞു.
ഇക്കാ ഇതൊന്നും അങ്ങനെ വിട്ടാല്‍ ശരിയാകില്ല, അപ്പോള്‍ തന്നെ കൊടുത്ത് വിടണമെന്ന് ഭീമന്‍ രഘു പറഞ്ഞു. എന്നാല്‍ ഇങ്ങ് വാ ചെയ്തിട്ട് പോ എന്ന് ഞാനും പറഞ്ഞു. ഞാനന്ന് നരന്ത് പോലിരിക്കുകയാണ്. അപ്പോഴേക്കും നടന്‍ ജയിംസ് മമ്മൂക്കയെ പിടിച്ചു. എന്താണിത് മമ്മൂക്ക നിങ്ങളുടെ മൂന്നാമത്തെ അനിയന്റെ പ്രായമല്ലേയുള്ളൂവെന്ന് പറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞു പോയി. അമ്മ കരുതിയത് മകനോട് മമ്മൂട്ടി സ്‌നേഹത്തില്‍ സംസാരിക്കുകയാണെന്നാണ്.
ഞാന്‍ പുറത്തേക്കിറങ്ങിപ്പോയി. മാസികയുടെ ഉടമയെ വിളിച്ചു കാര്യം പറഞ്ഞു. ഈ സമയം കണ്ടു നിന്ന വിജയന്‍ എന്ന സംവിധായകന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹം മമ്മൂട്ടിയെ വിളിച്ച് താനിതെന്ത് പണിയാണ് കാണിച്ചത് എന്ന് ചോദിച്ചു. സത്യമായിട്ടും ഞാന്‍ ആരേയും തല്ലിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. പ്രദീപിന്റെ തലയില്‍ കൈ വച്ചാണ് തല്ലിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. സത്യത്തില്‍ ഞാനും പ്രദീപും കണ്ടു നില്‍ക്കെയാണ് മമ്മൂട്ടി തല്ലിയത്.
ആരാധകന്റെ അന്തമായ പെരുമാറ്റത്തില്‍ മനം നൊന്ത് മമ്മൂട്ടി തല്ലിയെന്നാണ് ഞാന്‍ വാര്‍ത്ത കൊടുത്തത്. നൂറ് ശതമാനം തല്ലു കൊടുക്കേണ്ട കാര്യമായിരുന്നു. അതിന്റെ കാരണം എനിക്കും അറിയാം മമ്മൂക്കയ്ക്കും അറിയാം. പിന്നെ ഒരിടത്തും മമ്മൂട്ടിയെ കണ്ടാല്‍ ഞാന്‍ മൈന്റ് ചെയ്യില്ലായിരുന്നു. സുകൃതത്തിന്റെ സെറ്റില്‍ വച്ച് ഞങ്ങളുടെ പിണക്കം അവസാനിച്ചു. എന്നോട് എന്റെ പേഴ്‌സണല്‍ പിആര്‍ഒ ആകാന്‍ പറ്റുമോ എന്ന് മമ്മൂക്ക ചോദിച്ചു. എനിക്ക് എന്റെ മൂത്ത ചേട്ടനെ പോലെയാണ്. പച്ചയായ മനുഷ്യനാണ്.