തൊടുപുഴ∙ ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടമായ കുട്ടിക്കർഷകന് സഹായവുമായി നാടൊന്നാകെ രംഗത്ത്. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്നും അറിയിച്ചു. പി.ജെ.ജോസഫ് എംഎൽഎ ഒരു പശുവിനെ നൽകുമെന്നും അറിയിച്ചു.
അബ്രഹാം ഓസ് ലര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടന്‍ ജയറാമും സഹായം നല്‍കുമെന്ന് രാവിലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പത്താം ക്ലാസ് വിദ്യാർഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യുബെന്നിയെയും കുടുംബത്തെയും സന്ദർശിച്ച ജയറാം ചെക്ക് കൈമാറി.
ഇവർ അനുഭവിച്ച സമാന അനുഭവം ആറ് വർഷം മുമ്പ് അനുഭവിച്ചതാണെന്ന് ജയറാം പറഞ്ഞു. ‘‘ ഒരു ദിവസം പെട്ടെന്ന് ഒരു കിടാവ് വീണു വയറ് വീർത്തു ചത്തു. 22 പശുക്കളാണ് രാവിലെ മുതൽ വൈകിട്ടു വരെയുള്ള സമയത്തിൽ ചത്തത്. വിഷമുള്ള യാതൊരു ഭക്ഷണവും പശുക്കൾക്ക് കൊടുത്തിരുന്നില്ല. അതിനാൽ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല.
വിഷാംശമാണ് മരണകാരണമെന്നാണ് പരിശോധനാ ഫലങ്ങളിൽ നിന്ന് കണ്ടെത്തി. പശുക്കളെ ഞാനും ഭാര്യയും മക്കളും നേരിട്ട് പോയി കണ്ടാണ് വാങ്ങിയിരുന്നത്. അവയ്ക്കെല്ലാം പേരിട്ടത് എന്റെ മോളും മോനുമാണ്. 22 പശുക്കളെയും ജെസിബി കൊണ്ടുവന്ന് കുഴിച്ചുമൂടുന്ന സമയത്താണ് ഞാനും എന്റെ ഭാര്യയും ഏറ്റവും കൂടുതൽ കരഞ്ഞത്. ഈ രണ്ട് മക്കളുടെ കാര്യവും അതാണ്. രാവിലെ പത്രം തുറന്നപ്പോൾ സഹിക്കാൻ പറ്റിയില്ല.
‘‘അബ്രഹാം ഓസ്‌ലർ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്യാനിരുന്നത് നാളെയാണ്. പൃഥ്വിരാജായിരുന്നു ലോഞ്ച് ചെയ്യാനിരുന്നത്. രാവിലെ ഞാൻ പൃഥ്വിരാജിനെയും നിർമാതാവിനെയും സംവിധായകനെയും വിളിച്ചു. നാളെത്തെ പരിപാടി മാറ്റിയാൽ ഒരു അഞ്ച് ലക്ഷം രൂപ മാറ്റിവയ്ക്കാനാകും. ആ തുക ഉപയോഗിച്ച് ഈ കുട്ടികൾക്ക് ഒരു പത്ത് പശുവിനെ എങ്കിലും മേടിക്കാൻ സാധിച്ചാൽ വലിയ കാര്യമാണ്.
ആ തുക കൈമാറാനാണ് വന്നത്. എല്ലാം ശരിയാകും. ഇവിടെ തന്നെ ഒരു നൂറ് പശുക്കളെ വളർത്താനുള്ള തൊഴുത്ത് ദൈവം ഉണ്ടാക്കിത്തരും. കൃഷ്ണഗിരിക്ക് വരികയാെണങ്കിൽ ഞാനും കൂടെ വരാം. ഞാൻ അവിടെ നിന്നാണ് പശുക്കളെ എടുക്കുന്നത്. ഇവിടെ 70,000 രൂപ വരുന്ന എച്ച്എഫ് പശുവിനെ അവിടെ 40,000 രൂപയ്ക്ക് കിട്ടും’’. ജയറാം പറഞ്ഞു. തുടർന്ന് ചെക്കും കൈമാറിയശേഷമാണ് അദ്ദേഹം മടങ്ങിയത്.
പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. മാത്യുവും അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍.