28.4 C
Kottayam
Tuesday, April 30, 2024

ഹരികൃഷ്ണൻസിലെ ഇരട്ട ക്ലൈമാക്സ്; രഹസ്യം പുറത്തുവിട്ട് മമ്മൂട്ടി

Must read

ലയാള സിനിമാ ചരിത്രത്തിലെ എവർ​ഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡ് താരം ജൂഹി ചൗള ആയിരുന്നു നായിക. ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം മിനിസ്ക്രീനിൽ ആവർത്തിച്ചു കണ്ട് ആവേശം കൊള്ളുന്ന മലയാളികളെ ഇപ്പോഴും കാണാൻ സാധിക്കും. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം എന്തു കൊണ്ടാണ് ഹരി കൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതെന്ന് പറയുകയാണ് മമ്മൂട്ടി. 

കേരളത്തിലെ രണ്ട് മേഖലകളിൽ രണ്ട് ക്ലൈമാക്സ് വന്നത് ചില പദ്ധതികൾ പൊളിഞ്ഞത് കൊണ്ടാണെന്നാണ് മമ്മൂട്ടി പറയുന്നത്. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ ഗോവ ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് 24കൊല്ലത്തെ രഹസ്യം മെഗാസ്റ്റാർ വെളിപ്പെടുത്തിയിരിക്കുന്നത്. 

മമ്മൂട്ടിയുടെ വാക്കുകൾ

ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. ആ പെൺകുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നതാണ് ആ സിനിമയുടെ അവസാനം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സുകൾ വച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല. ഒരു ​ന​ഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ, രണ്ട് തരവും കാണാൻ ആളുകൾ വരും എന്നുള്ള ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണ്. പക്ഷേ ഈ പ്രിന്റുകൾ അയക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലർക്ക് പറ്റിയ അബന്ധമാണ് രണ്ട് ഭാ​ഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദേശം വളരെ നല്ലതായിരുന്നു. എന്നാലും രണ്ട് പേർക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമ പ്രേക്ഷകർ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയിൽ ഹരികൃഷ്ണൻസിനെ പറ്റി സംസാരിക്കാൻ ഇടയായതും. 

1998 സെപ്റ്റംബറിലാണ് ഹരികൃഷ്ണന്‍സ് തിയറ്ററുകളിൽ എത്തിയത്. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്. മധു മുട്ടം സംഭാഷണം നിര്‍വഹിച്ചിരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week