മൂന്നാർ:മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ തന്റെ 70ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. ഇതിനോടകം തന്നെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാദകരുമടക്കം വലിയൊരു താര നിര തന്നെ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയും ആശംസാപ്രവാഹം ലഭിക്കുമ്പോള്‍ മമ്മൂട്ടി കൊച്ചിയിലെ വീട്ടിലില്ല..
കുടുംബാംഗങ്ങള്‍ക്കും സിനിമാ രംഗത്തെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം മൂന്നാറിലാണ് അദ്ദേഹം. നിര്‍മ്മാതാവ് ആന്റോ ജോസഫ്, രമേശ് പിഷാരടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നീ സന്തത സഹചാരികള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇവര്‍ക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ലളിതമായ പിറന്നാളാഘോഷം നടത്തിയത്. മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ഒത്തുചേരല്‍. മമ്മൂട്ടിയും കുടുംബവും ഇന്നലെത്തന്നെ മൂന്നാറിലേക്ക് പോയിരുന്നു.
മമ്മൂട്ടിക്ക് മകള്‍ സുറുമിയുടെ മെഗാ പിറന്നാള്‍ സര്‍പ്രൈസും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. വാപ്പിച്ചിയെ വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ആശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാര്‍ അവരുടെ സ്‌നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാന്‍ ഇന്നേവരെ ഒരു പോര്‍ട്രെയ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു സുറുമി പറയുന്നത്
എനിക്കേറെയിഷ്ടം കറുപ്പ്, വെളുപ്പ്, ഇലകള്‍, കായ്കള്‍, പൂക്കള്‍, പുഴകള്‍, മലകള്‍… അങ്ങനെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതകളിലേക്കിറങ്ങി ഒരു ധ്യാനം പോലെ അവയെ വരയ്ക്കാനാണ്. ഈ ചിത്രം അതില്‍നിന്ന് അല്‍പം വ്യത്യസ്തമാണ്. വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനു മുതിര്‍ന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാള്‍ സമ്മാനമായി ഇതു വരയ്ക്കാനായതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. ഈ പിറന്നാള്‍ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാള്‍ കൂടുതല്‍ ആര്‍ക്കാണറിയുകയെന്നാണ് സുറുമി ചോദിച്ചത്.
ഈ ലോകത്തിലെ ഏതൊരു മകള്‍ക്കും അവളുടെ പിതാവു തന്നെയാണ് ഏറ്റവും ഉജ്വലനായ വ്യക്തി; എനിക്കും. ദൈവം സമയമെടുത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ തീര്‍ത്ത മനോഹര സൃഷ്ടിയാണത്. ഈ ലോകത്തിലെ എല്ലാ നന്മകളും ഞാന്‍ തൊട്ടറിഞ്ഞത് അതില്‍നിന്നാണ്. ഈ മഹാപ്രപഞ്ചത്തോളം അനന്തമാണ് അങ്ങയുടെ സ്‌നേഹം, കാന്‍വാസിലേക്ക് ഒരിക്കലും പൂര്‍ണമായി പകര്‍ത്താന്‍ കഴിയാത്ത നിറക്കൂട്ട് തന്നെയാണിതെന്നാണ് സുറുമി പറഞ്ഞത്..
സിനിമ കരിയര്‍ അമ്പത് വര്‍ഷം പിന്നിട്ടത് അടുത്തിടെയാണ് മമ്മൂട്ടി ആഘോഷിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എഴുപതാം പിറന്നാളും വന്നത്. ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയും പോലെ മമ്മൂക്കയുടെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലും ഭാര്യ സുല്‍ഫത്തിന്റെ പിന്തുണയുമുണ്ടായിരുന്നു..
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന കെഎസ് സേതുമാധവന്‍ ചിത്രത്തിലൂടെ അരങ്ങേറിയ മമ്മൂട്ടിക്ക് കരിയറില്‍ വഴിത്തിരിവായത് വില്‍ക്കാനുണ്ടോ സ്വപ്നങ്ങള്‍ ആണ്. ഏംടി വാസുദേവന്‍ നായരാണ് സിനിമയുടെ തിരക്കഥ എഴുതിയത്. സുല്‍ഫത്തുമായുളള വിവാഹ ശേഷമാണ് മമ്മൂട്ടിയുടെ കരിയറില്‍ ഉയര്‍ച്ചകളുണ്ടായത്. 1979ല്‍ വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. സിനിമയില്‍ സജീവമാവുന്നതിന് മുന്‍പ് തന്നെ നടന്റെ വിവാഹം നടന്നു.
വിവാഹത്തിന് മുന്‍പ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്‍ ചെയ്ത കഥാപാത്രങ്ങളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ സുല്‍ഫത്ത് ജീവിതത്തിലേക്ക് വന്ന ശേഷം മമ്മൂട്ടിക്ക് സിനിമയില്‍ തന്റെ രാശി ഉദിച്ചു. തങ്ങളുടെ യഥാര്‍ത്ഥ ഭാഗ്യം ഉമ്മച്ചിയാണെന്ന് ദുല്‍ഖറും മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. മമ്മൂട്ടി എന്ന താരം പിന്നീട് എല്ലാവര്‍ക്കും മമ്മൂക്കയായി മാറി. വിവാഹം ശേഷം ഒരു നടനില്‍ നിന്നും താരമായി മമ്മൂക്ക വളര്‍ന്നു.
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ശ്രദ്ധിക്കപ്പെട്ട ശേഷം പിന്നീട് മമ്മൂട്ടി മലയാളത്തില്‍ മുന്നേറുകയായിരുന്നു. 400ല്‍ അധികം സിനിമകളില്‍ വിവിധ ഭാഷകളിലായി മമ്മൂട്ടി ചെയ്തു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും മമ്മൂട്ടി ചിത്രങ്ങള്‍ വന്നു.
മൂന്ന് തവണയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം, ഏഴ് തവണ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചു. 13 തവണയാണ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ മമ്മൂട്ടിയെ തേടി എത്തിയത്. 1998ല്‍ സിനിമാരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് രാജ്യം നടനെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
സിനിമകള്‍ക്കൊപ്പം തന്നെ കുടുംബ ജീവിതവും നല്ല രീതിയിലാണ് മമ്മൂട്ടി കൊണ്ടുപോയത്. മമ്മൂട്ടി ഇല്ലാത്ത സമയത്ത് മക്കളുടെ കാര്യങ്ങള്‍ സുല്‍ഫത്താണ് നോക്കിയത്. മക്കളുടെ പഠിത്തവും മറ്റ് കാര്യങ്ങളും എല്ലാം തന്നെ ഭാര്യ നോക്കി. പലപ്പോഴും സിനിമകളുടെയും സെറ്റുകളിലായിരിക്കും മമ്മൂക്ക ഉണ്ടാവുക. എന്നാല്‍ എപ്പോഴും ഇരുവരും തമ്മില്‍ കോണ്‍ടാക്റ്റ് ഉണ്ടായിരുന്നു എന്ന് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിട്ടുണ്ട്. ഏത് ലൊക്കേഷനുകളില്‍ ആണെങ്കിലും വീട്ടിലെ കാര്യങ്ങള്‍ ഫോണില്‍ വിളിച്ച് മമ്മൂക്ക ഭാര്യയോട് തിരക്കും. ഇപ്പോഴും വാപ്പയ്ക്ക് ആ ശീലമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു
വലിയ ആഘോഷങ്ങളോ ആര്‍പ്പുവിളികളോ ഒന്നുില്ലാതെയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് എത്തിയത്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന്റെ അരങ്ങേറ്റം. എന്നാല്‍ തന്റെ കഴിവുകൊണ്ട് മലയാളത്തിലെ മുന്‍നിര താരമാവാന്‍ ദുല്‍ഖര്‍ സല്‍മാന് സാധിച്ചിരുന്നു. നിലവില്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡമുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചുളള ഒരു സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.