കൊച്ചി ഓപ്പറേഷന്‍ ജാവ, ഖോ ഖോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടി മമിത ബൈജു. ചെറുതും വലുതുമായി മുന്‍പ് നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മമിത നായികയായിട്ടാണ് ഓപ്പറേഷന്‍ ജാവയില്‍ അഭിനയിച്ചത്. തൊട്ട് പിന്നാലെ സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കിയ ഖോ ഖോ എന്ന ചിത്രത്തിലും പ്രധാന റോളില്‍ അഭിനയിച്ചു.
രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായിട്ടെത്തിയ ചിത്രം ഒടിടി റിലീസായിരുന്നു. ഇരു സിനിമകളിലെയും മമിതയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ആശംസാപ്രവാഹമാണ്. ഒരേ സമയം രണ്ട് സിനിമകള്‍ നല്‍കിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍.
വിജയാഘോഷങ്ങള്‍ വീട്ടിലായതിന്റെ ചെറിയ സങ്കടം ഇല്ലെന്ന് പറയാന്‍ പറ്റില്ല. ഓപ്പറേഷന്‍ ജാവയും ഖോ ഖോ യും കണ്ട് കൂട്ടുകാരെല്ലാം എന്നെ കാണാന്‍ പറ്റുന്നില്ലല്ലോ എന്നാണ് പറയുന്നത്. പക്ഷേ ഇപ്പോള്‍ വീട്ടിലിരിക്കുക ന്നെത് നമ്മുടെ ആവശ്യകതയും ഉത്തരവാദിത്തവുമായത് കൊണ്ട് കുഴപ്പമില്ല. രണ്ട് സിനിമകളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. സിനിമയെ സീരിയസായി കണ്ട് തുടങ്ങിയതിന് ശേഷമാണ് ഈ രണ്ട് സിനിമകളിലും അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ വഴിത്തിരിവായി അഞ്ജുവും അല്‍ഫോണ്‍സയും മാറിയെന്ന് പറയാം.
ഓഡിഷന്‍ വഴിയാണ് തരുണ്‍ ചേട്ടന്‍ എന്നെ സെലക്ട് ചെയ്യുന്നത്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. സെലക്ടായപ്പോള്‍ സന്തോഷമായി. ഇതുവരെയും നായകന്റെ പെങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായൊക്കെ കണ്ട പ്രേക്ഷകര്‍ക്ക് പെട്ടെന്ന് നായികയായി കാണുമ്പോള്‍ എന്നെ ഉള്‍കൊള്ളാന്‍ കഴിയുമോ എന്ന ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു. എന്റെ ഒപ്പമുള്ള ഒരുപാട് സുഹൃത്തുക്കളുടെ പ്രണയം ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി പക്വാമാര്‍ന്ന പ്രണയവും ബ്രേക്കപ്പുമാണ് അല്‍ഫോണ്‍സയുടേത്. അത് കൊണ്ട് തന്നെ അതെല്ലാം ശ്രദ്ധിച്ചാണ് ചെയ്തത്.
സിനിമ ഒടിടി യില്‍ എത്തിയതിന് ശേഷമാണ് അല്‍ഫോന്‍സ തേപ്പുകാരിയാണെന്ന തരത്തില്‍ ട്രോളുകളും കുറിപ്പുകളും ഉയര്‍ന്ന് വന്നത്. ചിലതെല്ലാം വായിക്കുമ്പോള്‍ നമുക്ക് തന്നെ അത്ഭുതം തോന്നും. സത്യത്തില്‍ അല്‍ഫോന്‍സയെ നന്നായി അറിയുന്നത് എനിക്കും തരുണ്‍ ചേട്ടനും മാത്രമാണ്. അല്‍ഫോന്‍സയ്ക്ക് അവളുടേതായ കാഴ്ചപാടുകളും ചിന്തകളുമുണ്ട്. വീട്ടുകാരെ സഹായിക്കുന്ന പക്വതയാര്‍ന്ന പെണ്‍കുട്ടിയാണ് അല്‍ഫോന്‍സ. പ്ലസ് ടു മുതല്‍ ആന്റണിയുമായി (ബാലു വര്‍ഗീസ്) പ്രണയത്തിലാണ്. തേക്കാനാണെങ്കില്‍ അവള്‍ക്ക് നേരത്തെ ആവാമായിരുന്നു. അവളുടെ സാഹചര്യമാണ് അവളെ കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നത്.
ചെറുപ്പത്തില്‍ സിനിമയിലെ നായികമാരെ പോലെ കണ്ണാടിയ്ക്ക് മുന്നില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊന്നും സിനിമയുടെ ഭാഗമാവുമെന്ന് ചിന്തിച്ചിട്ടില്ല. സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ഫോട്ടോ പത്രത്തില്‍ വന്നാണ് സര്‍വോപരി പാലാക്കാരനിലേക്ക് വിളിക്കുന്നത്. അമല്‍ നീരദ് സാറിന്റെ വരത്തനില്‍ അഭിനയിച്ചപ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.