24.7 C
Kottayam
Wednesday, May 22, 2024

കോൺഗ്രസിന് ഇനി ഖർഗെ യുഗം; വോട്ടുപിടിച്ച് തരൂരിന്റെ ശക്തിപ്രകടനം

Must read

ന്യൂഡൽഹി ∙ കോൺഗ്രസിനെ ഇനി കർണാടകയിൽ നിന്നുള്ള ദലിത് നേതാവ് മല്ലികാർജുൻ ഖർഗെ നയിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്ഥാനാർഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. അതേസമയം, കോൺഗ്രസ് ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല. രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്.

നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി.

സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായ എൺപതുകാരൻ ഖർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖർഗെയ്ക്ക് തുണയായി. തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പിൽ 9915 വോട്ടർമാരിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എഐസിസി സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്സുകൾ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പൊട്ടിച്ചതും എണ്ണിയതും.

തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടു നടന്നതായി ആരോപിച്ച് തരൂർ പക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്ന് ബാലറ്റ് പെട്ടികൾ കൊണ്ടുപോയതിൽ ഉൾപ്പെടെ തരൂർ പക്ഷം പരാതി നൽകി. വ്യാപക ക്രമക്കേടു നടന്ന ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകൾ മാത്രം മറ്റു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തിയിരുന്നില്ല. യുപിക്കു പുറമെ പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് തരൂർ പക്ഷത്തിന്റെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week