ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു;സംഭവം സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ

ദുബായ്: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് ദുബായില്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാറിലെ നജാത്ത് മന്‍സിലില്‍ ജസീല്‍ (32) ആണ് മരിച്ചത്. ദുബായ് അല്‍ഖൂസിലെ അല്‍മനാര്‍ സെന്ററിന് പിറകിലുള്ള താമസ കെട്ടിടത്തിലാണ് സംഭവം.

ജസീല്‍ താമസിക്കുന്ന അല്‍ഖൂസിലെ കെട്ടിടത്തില്‍ തൊട്ടടുത്ത മുറിയിലുള്ളവര്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. ജസീലിനൊപ്പം താമസിക്കുന്നവര്‍ മദ്യപാനം ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പുറത്തുനിന്ന് ഭക്ഷണം കഴിഞ്ഞ് മടങ്ങിയെത്തിയ ജസീല്‍ ഈ തര്‍ക്കം ശാന്തമാക്കാന്‍ ഇടപെടുകയായിരുന്നു. എന്നാല്‍, പ്രകോപിതനായ പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജസീലിന്റെ കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേസിലെ പ്രതിയും മലയാളിയാണെന്നാണ് ലഭിക്കുന്ന വിവരം. കൃത്യത്തിന് ശേഷം ഇയാളെ ദുബായ് പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ കീഴടക്കി. ദുബായ് പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നിലവില്‍ റാഷിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാറിലെ നജാത്ത് മന്‍സിലില്‍ പരേതനായ ഹംസക്കോയയുടെ മകനാണ് ജസീല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News