വനിതാ സംവരണ ബില്ല് തള്ളിയതിൽ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം; രാഹുല്‍ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച്; ബിജെപി വനിതാ നേതാക്കള്‍ കസ്റ്റഡിയില്‍

വനിതാ സംവരണ ബില്ല് തള്ളിയതോടെ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം;  രാഹുല്‍ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച്; ബിജെപി വനിതാ നേതാക്കള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്. കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെയായിരുന്നു ബിജെപി വനിതാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന ഈ പ്രതിഷേധം.

കറുത്ത റിബണ്‍ തലയില്‍ കെട്ടിയും കരിങ്കൊടികളേന്തിയുമാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നീങ്ങിയത്. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. വസതിക്ക് മുന്നിലെ ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസുമായി സംഘര്‍ഷത്തിന് കാരണമായി.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്രമന്ത്രി രക്ഷാ ഖദ്സെ, എംപിമാരായ കമല്‍ജീത് സെജ്രാവത്, ബാന്‍സുരി സ്വരാജ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളെ ജലപീരങ്കി ഉപയോഗിച്ച് നേരിട്ടത് ജനാധിപത്യ വിരുദ്ധമാണെന്ന് ബാന്‍സുരി സ്വരാജ് പ്രതികരിച്ചു.

സ്ത്രീകളെ വെറും വോട്ട് ബാങ്കായി മാത്രമാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും കാണുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. മുസ്ലീം സ്ത്രീകളുടെ ഉന്നമനം ആഗ്രഹിക്കുന്നവരാണെങ്കില്‍ എന്തിനാണ് മുത്തലാഖ് നിരോധന നിയമത്തെ പ്രതിപക്ഷം എതിര്‍ത്തതെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ചോദിച്ചു. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കുന്ന ബില്‍ തടഞ്ഞതിലൂടെ പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തുടനീളം ബിജെപി പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിന് ജനങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മറുപടി നല്‍കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News