പത്തനംതിട്ട: മലയാളി സൈനികനെ പഞ്ചാബിൽ ജോലി സ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മലയാലപ്പുഴ പത്തിശേരി സൂരജ് ഭവനം സുജിത്താണ് (33) മരിച്ചത്. ഇന്നലെ രാവിലെ പഞ്ചാബിലെ ഭട്ടിൻഡയിൽലെ ഡ്യൂട്ടി സ്ഥലത്ത് സുജിത്തിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിഗ്നൽ റെജിമെന്റിലായിരുന്നു ജോലി. ബന്ധുക്കൾ ഇന്നലെ വൈകിട്ട് പഞ്ചാബിലേക്കു തിരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ. രാജി. മകൻ. അശ്വയ് കൃഷ്ണ.
സീതത്തോട് ഗുരുനാഥന്മണ്ണിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയായിരുന്നു സുജിത്ത്. കേസിൽ മറ്റു പ്രതികൾ പലരും ജാമ്യം എടുത്തെങ്കിലും സുജിത്ത് ജാമ്യം എടുക്കാതെ പഞ്ചാബിലേക്കു മടങ്ങി. കഴിഞ്ഞ ഒക്ടോബർ ഒന്നിനു ഗുരുനാഥന്മണ്ണിൽ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തെ സുജിത്ത് ഉൾപ്പെട്ട സംഘം ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു ചിറ്റാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മഫ്തിയിൽ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘവുമായി സുജിത്തും സുഹൃത്തുക്കളും തർക്കത്തിലേർപ്പെടുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. കേസ് സംബന്ധിച്ച വിവരങ്ങൾ ചിറ്റാർ പൊലീസ് സുജിത്ത് ഡ്യൂട്ടി ചെയ്യുന്ന സൈനിക കേന്ദ്രത്തിൽ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് സുജിത്ത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നു പറയുന്നു.