ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കുണ്ടറ: ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. പെരുമ്പുഴ കുരിശ്ശടിമുക്ക് ബംഗ്ലാവിൽ പടിഞ്ഞാറ്റതിൽ മൈക്കിൾ ഭവനിൽ ഉണ്ണിക്കൃഷ്ണൻ (55) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30-ഓടെ പെരുമ്പുഴ-കേരളപുരം റോഡിൽ കുരിശ്ശടിമുക്കിനുസമീപം ഇഷ്ടിക കമ്പനിയുടെ മുന്നിലുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത് അതുവഴിപോയ ബൈക്ക് യാത്രക്കാർ പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീകെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണമായി കത്തിനശിച്ചു.

നമ്പർപ്ലേറ്റും തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞുപോയിരുന്നു. കുണ്ടറ പൊലീസ് ഓട്ടോയുടെ എൻജിൻനമ്പർ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയുടെ പിൻസീറ്റിലിരുന്ന് പെട്രോളോ മറ്റോ ശരീരത്തിലൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തതാകാമെന്ന് പൊലീസ് അറിയിച്ചു. കുണ്ടറ പൊലീസും ഫൊറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. ഭാര്യ: ശോഭന. മക്കൾ: സാജൻ, ഷാരോൺ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News