അമേരിക്കയിൽ മലയാളി വെടിയേറ്റ് മരിച്ചു

മസ്കിറ്റ് (ഡാലസ്): അമേരിക്കയിലെ ഡാലസിൽ വെടിവെയ്പിൽ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടി മസ്കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജൻ മാത്യൂസ് (56, സജി) ആണ് കൊല്ലപ്പെട്ടത്.

ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയിൽ കൗണ്ടറിൽ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സജിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005 ൽ കുവൈത്തിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.മസ്കിറ്റിൽ ഈയിടെയാണ് മലയാളികൾ പാർട്ണർമാരായി സാജൻ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത്.

രാത്രി വൈകീട്ടും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സാജന്റെ മരണം ഡാലസിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി നിരവധി മലയാളികൾ എത്തിക്കൊണ്ടിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News