ഡല്‍ഹി ഹരിയാനയില്‍ മലയാളി നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുഡ്ഗാവ് മെദാന്ത ആശുപത്രിയിലെ നഴ്സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഗുഡ്ഗാവിലെ താമസിക്കുന്ന സ്ഥലത്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിയില്‍ തൂങ്ങിയ യുവതിയെ മറ്റുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടില്ല.
മൂന്ന് മാസം മുന്‍പാണ് യുവതി ജോലിക്ക് പ്രവേശിച്ചത്. കൊവിഡ് രോഗികളുമായി ഇടപഴകിയതിന് പിന്നാലെ യുവതിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇവരുടെ ആവശ്യപ്രകാരം സ്രവ പരിശോധന നടത്തി. തുടര്‍ന്ന് പരിചയക്കാരിയായ യുവതി പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞതിന് പിന്നാലെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അതേസമയം രാജ്യത്തെ കൊവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ് കേസുകള്‍ 1,58,333 ആയി. 24 മണിക്കൂറിനിടെ 6566 പോസിറ്റീവ് കേസുകളും 194 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 86110 പേരാണ് ചികിത്സയിലുള്ളത്. 67691 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇപ്പോഴും ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടക, കേരളം, ജാര്‍ഖണ്ഡ്, അസം, ഹരിയാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാകുകയാണ്.
തമിഴ്നാട്ടില്‍ 817 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 18,545 ആയി. മരണം 133 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 376 പുതിയ കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 15205ഉം മരണം 938ഉം ആയി. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 792 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് രാജ്ഭവനിലെ ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. രാജസ്ഥാനില്‍ 280 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു.