യു.എസില്‍ കോട്ടയം സ്വദേശിയായ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് പോലീസ് പിടിയില്‍

ഫ്‌ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയി (29) ആണ് മരിച്ചത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്‌സ് ആശുപത്രിയിലെ നഴ്‌സായ മെറിന്‍ ജോലി കഴിഞ്ഞു മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ വെളിയനാട് സ്വദേശി ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ(നെവിന്‍) പോലീസ് അറസ്റ്റ് ചെയ്തു.

കാറിലെത്തിയ നെവിന്‍ മെറിനെ 17 തവണ കുത്തിയ ശേഷം വാഹനം ദേഹത്ത് കൂടി കയറ്റിയിറക്കിയെന്നു പോലീസ് പറഞ്ഞു. തുടര്‍ന്നു കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. മെറിനെ ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്പതികള്‍ രണ്ടു വര്‍ഷമായി അകന്ന് കഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

മിഷിഗണിലെ വിക്‌സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിംഗ്‌സിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഹോട്ടല്‍ മുറിയിലെത്തിയ നെവിന്‍ സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. നെവിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ വെച്ച് ദമ്പതികള്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നു നെവിന്‍ തനിയെ അമേരിക്കയിലേക്ക് മടങ്ങി. മകള്‍ നോറയെ(രണ്ടു വയസ്) മാതാപിതാക്കളെ ഏല്പിച്ചു മെറിനും യുഎസിലെത്തി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News