ബെംഗളൂരുവില്‍ യുവാവിനെ പിന്തുടര്‍ന്ന് കാറിടിപ്പിച്ച് കൊന്ന്‌ മലയാളി; കശ്മീരിയായ ഭാര്യയും അറസ്റ്റില്‍

ബെംഗളൂരുവില്‍ യുവാവിനെ പിന്തുടര്‍ന്ന് കാറിടിപ്പിച്ച് കൊന്നത് മലയാളി, കശ്മീരിയായ ഭാര്യയും അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവും ഭാര്യയും. മലപ്പുറം സ്വദേശി മനോജ് കുമാര്‍, ഭാര്യ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ദര്‍ശന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കാറിന്റെ കണ്ണാടിയില്‍ സ്‌കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്നെത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

ഒക്ടോബര്‍ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. പുട്ടേനഹള്ളിയില്‍ സുഹൃത്തായ വരുണിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ദര്‍ശന്‍. ഇതേ പാതയില്‍ കാറില്‍ യാത്രചെയ്യുകയായിരുന്നു ദമ്പതിമാര്‍. ഇവരുടെ കാറിന്റെ കണ്ണാടിയിൽ ബൈക്ക് തട്ടിയതിനെ തുടര്‍ന്ന് ചെറിയ തര്‍ക്കം ഉടലെടുത്തു. രോഷാകുലരായ ദമ്പതിമാര്‍ വരുണിനെയും ദര്‍ശനെയും ഏകദേശം രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന് ബൈക്കില്‍ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ വരുണ്‍ രക്ഷപ്പെട്ടെങ്കിലും ദര്‍ശന്‍ മരിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യതവണ ബൈക്കില്‍ ഇടിക്കുന്നതില്‍ പരാജയപ്പെട്ടതോടെ കാര്‍ യൂ-ടേണ്‍ എടുത്ത് വീണ്ടും വന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തിന് ശേഷം ദമ്പതിമാര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട്, തങ്ങളുടെ കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ നീക്കുന്നതിന്അവര്‍ മാസ്‌ക് ധരിച്ച് വീണ്ടും സ്ഥലത്തെത്തിയതും ദൃശ്യങ്ങളില്‍ കാണാം. ദമ്പതിമാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News