കൊല്ലം: മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നും വര്‍ഷങ്ങളായി കടുത്ത പീഡനമാണ് ഭര്‍ത്താവ് സതീഷ് ശങ്കറില്‍നിന്നും നേരിട്ടിരുന്നതെന്നും അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ള പറഞ്ഞു.
വിവരമറിഞ്ഞപ്പോള്‍ പലതവണ ഇയാളെ വിലക്കിയിരുന്നെന്നും വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന മകളെ സതീഷ് എത്തി കരഞ്ഞു പറഞ്ഞപ്പോഴാണ് തിരികെ വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘മദ്യപിച്ചാല്‍ സതീഷ് മറ്റൊരാളായി മാറും. പിന്നെ ഒരു കാരണവുമില്ലാതെ മര്‍ദനം തുടങ്ങും. മദ്യപാനം നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം മര്‍ദനം പരിധിവിട്ടപ്പോള്‍ മകളെ വിളിച്ചുകൊണ്ടുവന്നു വീട്ടിലാക്കി. സതീഷ് എത്തി കരഞ്ഞു കാലുപിടിച്ചതോടെ അതുല്യതന്നെ മനസ്സലിഞ്ഞ് ഭര്‍ത്താവിനൊപ്പം പോകുകയായിരുന്നു. ഒരുതവണ വേര്‍പിരിയലിന്റെ വക്കിലെത്തിയ ബന്ധമാണ്. ഒടുവില്‍ കൗണ്‍സലിങ്ങിലൂടെയാണ് വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചത്.
അന്നും മര്‍ദനങ്ങളൊന്നും ഇനിയുണ്ടാവില്ലെന്നായിരുന്നു സതീഷ് പറഞ്ഞത്. പിന്നെയും മാറ്റമൊന്നുമുണ്ടായില്ല.’-രാജശേഖരന്‍പിള്ള പറഞ്ഞു.
25 വര്‍ഷം സൗദിയിലായിരുന്ന രാജശേഖരന്‍പിള്ള ഇപ്പോള്‍ നാട്ടില്‍ ഓട്ടോ ഓടിക്കുകയാണ്. അദ്ദേഹത്തിനും ഭാര്യ തുളസീഭായിക്കുമൊപ്പം നാട്ടിലാണ് അതുല്യയുടെ മകള്‍ 10 വയസ്സുകാരി ആരാധ്യ. അമ്മയുടെ മരണവാര്‍ത്ത കുട്ടിയെ അറിയിച്ചിട്ടില്ല. സതീഷിന് കുഞ്ഞിനോട് മകളെന്ന ആത്മബന്ധമില്ലായിരുന്നെന്നും ഇത് അയാള്‍തന്നെ പറഞ്ഞിരുന്നുവെന്നും രാജശേഖരന്‍പിള്ള പറയുന്നു.
അതുല്യയുടെ അമ്മ തുളസീഭായിയുടെ പരാതിയില്‍ തെക്കുംഭാഗം പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ത്തില്‍ അതുല്യ ശേഖര്‍ (30) ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എന്‍ജീനീയര്‍ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതിമാരുടെ ഏക മകള്‍ ആരാധിക നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.
സതീഷും അതുല്യയും തമ്മില്‍ വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. സതീഷ് ശങ്കര്‍ കൂട്ടുകാര്‍ക്കൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ മടങ്ങിയെത്തിയതോടെയാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജശേഖരന്‍ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകളാണ് അതുല്യ. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്.
ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. അതുല്യ ഗാര്‍ഹിക പീഡനം അനുഭവിച്ചു വരുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടുകാര്‍ക്കയച്ച ശബ്ദ സന്ദേശത്തില്‍ ഗാര്‍ഹിക പീഡനം നടന്നതായി പറയുന്നുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.


