കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി, തലയില്‍ തേങ്ങ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കവെ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പുനത്തില്‍ പുറായില്‍ മുനീര്‍ (49) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു മുനീറിന്റെ തലയില്‍ തേങ്ങ വീണ് പരിക്കേറ്റത്.
തിങ്കളാഴ്‍ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. തറവാട് വീട്ടില്‍ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച ശേഷം ഭാര്യയോടൊപ്പം സ്വന്തം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് വഴിയരികിലെ തെങ്ങില്‍ നിന്ന് മുനീറിന്റെ തലയില്‍ തേങ്ങ വീണത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.
സൗദി അറേബ്യയിലെ ഹായിലില്‍ ജോലി ചെയ്യുകയായിരുന്ന മുനീര്‍, പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടി രണ്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്. തിരികെ സൗദിയിലേക്ക് സൗദിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ അപ്രതീക്ഷമായുണ്ടായ അപകടവും മരണവും നാട്ടുകാരെയും സൗദിയിലെ പ്രവാസി സുഹൃത്തുക്കളെയും കണ്ണീരിലാഴ്‍ത്തി. അത്തോളിയന്‍സ് ഇന്‍ കെ.എസ്.എയുടെയും സൗദി കെ.എം.സി.സിയുടെയും പ്രവര്‍ത്തകനായിരുന്നു.
ഖബറടക്കം ബുധനാഴ്ച വൈകുന്നേരം കൊങ്ങന്നൂര്‍ ബദര്‍ ജുമാ മസ്‍ജിദില്‍. മാതാവ് – ആമിന. മക്കള്‍ – ഫാത്തിമ ഫഹ്‍മിയ, ആയിഷ ജസ്‍വ (അത്തോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‍കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ – പി.പി നൗഷാദ്, പി.പി നൗഷിദ.