വാഷിങ്ടന്‍: ജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിര്‍വഹിക്കുന്നത് ഒരു മലയാളി. യു.എസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനാണ് മലയാളിയായ മജു വര്‍ഗീസ് ചുക്കാന്‍ പിടിക്കുക . ജനുവരി 20നു നടക്കുന്ന ചടങ്ങിന്റെ സംഘാടനം നിര്‍വഹിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഇനാഗുരല്‍ കമ്മിറ്റിയുടെ (പിഐസി) എക്സിക്യൂട്ടീവ് ഡയറക്ടറാണ് മജു (43).
തിരുവല്ല സ്വദേശി മാത്യു -സരോജ ദമ്പതികളുടെ മകനായി ന്യൂയോര്‍ക്കിലാണു മജു ജനിച്ചത്. 2000 ല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി അല്‍ ഗോറിന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായപ്പോള്‍ വിവിധ തസ്തികകളില്‍ 6 വര്‍ഷം പ്രവര്‍ത്തിച്ചു. ബൈഡന്റെ പ്രചാരണ സംഘം ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരം കൂടിയാണ് പുതിയ ചുമതല. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഈ ചുമതല നിര്‍വ്വഹിക്കുന്നത്.
എഴുത്തുകാരിയായ സരോജ വര്‍ഗീസിന്റെ പുത്രനാണ് മജു വര്‍ഗീസ്. ന്യു യോര്‍ക്കില്‍ ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ വര്‍ഗീസ് ചെറുപ്പം മുതല്‍ തന്നെ രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു. മാസച്യുസറ്റ്സ് സര്‍വകലാശാലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. കൊച്ചി സ്വദേശിയായ പിതാവ് മാത്യു വര്‍ഗീസ് ഏതാനും വര്‍ഷം മുന്‍പ് നിര്യാതനായി. അമ്മ, നഴ്സ് ആയ സരോജ വര്‍ഗീസ് ആണ് ആദ്യം യുഎസില്‍ എത്തിയത്. മൂത്ത സഹോദരി മഞ്ജു.