കോഴിക്കോട്: സൈനികനായ മലയാളിയെ കാണാതായിട്ട് 30 വര്‍ഷം. ഇന്ത്യന്‍ വ്യോമസേനയുടെ ജാംനഗര്‍ യൂണിറ്റില്‍ നിന്നുമാണ് മലയാളിയായ സൈനികന്‍ കെ. സനല്‍കുമാറിനെ കാണാതായത്. സനലിന്റെ തിരോധാനത്തിന് 30 വയസ്സ് തികയുമ്പോള്‍ കണ്ണീരോടെ കാത്തിരിപ്പ് തുടരുകയാണ് കുടുംബം. കൂടെ മൂന്ന് പതിറ്റാണ്ടിനിപ്പുറവും സംഭവത്തിലെ ദുരൂഹത ഉത്തരമില്ലാതെ ശേഷിക്കുന്നു.
1992 ഓഗസ്റ്റിലാണു വ്യോമസേനാ കോര്‍പറല്‍ കെ സനല്‍കുമാറിനെ കാണാതായെന്ന് വീട്ടിലേക്കു കത്തുവന്നത്. മൂന്നു മാസത്തെ അവധിക്കുശേഷം ഗുജറാത്തിലെ ജാംനഗറിലേക്കാണു സനല്‍ പോയത്. അവിടെ ഓഗസ്റ്റ് മൂന്നിന് എത്തിയതായി വീട്ടിലേക്കുള്ള കത്തിലുണ്ട്. ഓഗസ്റ്റ് 9ന് വ്യോമസേനാ ആസ്ഥാനത്ത് എത്തിയ സനല്‍ ഒരു സൈക്കിളില്‍ ടൗണിലേക്കു പുറപ്പെട്ടതു കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് ഈ സൈക്കിള്‍ ജാംനഗര്‍ നഗരത്തില്‍നിന്നു കണ്ടെടുത്തു. ഓഗസ്റ്റ് 10 മുതല്‍ സനലിനെ കാണാനില്ലെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്.
2009 ഓഗസ്റ്റ് 10ന് വ്യോമസേനാ അധികൃതര്‍ സനലിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുന്ന ഉത്തരവ് വീട്ടിലേക്കയച്ചു. 1992 സെപ്റ്റംബര്‍ 8ന് പിരിച്ചുവിട്ടതായാണ് കത്തിലെ അറിയിപ്പ്. ഇതിനിടയില്‍ പല തവണ സനലിന്റെ കുടുംബാംഗങ്ങള്‍ വ്യോമസേനയ്ക്കും കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമൊക്കെ പരാതി അയയ്ക്കുകയും നിവേദനം നല്‍കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
ജോലിസ്ഥലത്തെ എന്തെങ്കിലും പ്രശ്‌നമാണ് കാരണമെങ്കില്‍ സനല്‍ മറ്റേതെങ്കിലും സ്ഥലത്തു ജീവിച്ചിരിപ്പുണ്ടാവുമെന്നാണ് സഹോദരന്‍ ഹരീന്ദ്രന്റെയും കുടുംബാംഗങ്ങളുടെയും പ്രതീക്ഷ.